ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്.
വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ. രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവർത്തനസജ്ജമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
രാജ്യാന്തര ചരക്ക് നീക്കത്തിന്റെ നിർണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്. വർഷം പത്തു ലക്ഷം കണ്ടയ്‌നറുകൾ കൈകാര്യം ചെയ്യാനാകുന്ന വമ്പൻ തുറമുഖമാണ് വിഴിഞ്ഞം.സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ കുറിച്ചു.
2000ൽ അധികം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം.