അലോഷ്യസ് സേവ്യറിന് മർദനം; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെ.എസ്.യു
എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെയും നേതാക്കളെയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും, യൂണിറ്റ് തലങ്ങളിൽ കരിദിനമാചരിക്കുകയും ചെയ്യും.
അതേസമയം, കെ.എസ്.യു പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലന്നും, സംസ്ഥാന സർക്കാരിൻ്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണന് വ്യക്തമാക്കി.
പൊലീസുമായി പലതവണ ഉന്തും തള്ളമുണ്ടാവുകയും കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേൽക്കുകയും ചെയ്തിരുന്നു. കെഎസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയറിനും മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. അലോഷ്യസിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ട് മുന്നേറാൻ ശ്രമിച്ചു. പൊലീസ് പല പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. എംജി റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലിസും തമ്മിൽ കൈയാങ്കളിയായി. ഇതേ തുടർന്നാണ് പൊലീസ് ലാത്തി ചാർജ്ജ് നടത്തിയത്.