യുപിയിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യഗഡു കിട്ടിയ 11 സ്ത്രീകള്‍ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം നാടുവിട്ടു
യുപിയില്‍ 11 സ്ത്രീകള്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി തങ്ങളുടെ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി. ഒളിച്ചോടിപ്പോയ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിവരം അധികൃതരെ അറിയിച്ചത്. സംഭവം വലിയ വിവാദമായതോടെ ഇവര്‍ക്കുള്ള അടുത്ത ഗഡു വിതരണം തത്ക്കാലം നിര്‍ത്തിവെയ്ക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ഈ ജില്ലയില്‍ 2350 പേര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴില്‍ വീട് വെയ്ക്കാന്‍ പണം ലഭിച്ചത്. തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, ബകുല്‍ ദിഹ, ഖസ്ര, കിഷുന്‍പൂര്‍, മേധൗലി എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി പ്രകാരമുള്ള പണം ലഭിച്ചത്.
ഗുണഭോക്താക്കളില്‍ പലരുടെയും വീടുകളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 11 സ്ത്രീകളാണ് ആദ്യ ഗഡുവായ 40,000 രൂപ കൈക്കലാക്കി തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ദരിദ്രരും മധ്യവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടതുമായ കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീട് വെയ്ക്കാനായി 2.5 ലക്ഷം രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.