‘എന്‍റെ ഡ്രസ് വരെ വലിച്ചു കീറി, ശരീരമാസകലം വേദനയാണ്’; ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് ദളിത് പെണ്‍കുട്ടി
ആലപ്പുഴ: ചേര്‍ത്തല പൂച്ചാക്കലിൽ നടുറോഡില്‍ ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്ന് ആരോപണം. പ്രതികള്‍ക്കെതരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മര്‍ദനത്തിനിരയായ ദളിത് പെണ്‍കുട്ടി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇപ്പോഴും ശരീരമാസകലം വേദനയാണ്.
എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിവയറ്റിൽ മർദനമേറ്റതിനാൽ മൂത്രമൊഴിക്കാൻ പോലും പ്രയാസമാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതുപോലെ ഒരവസ്ഥ ഒരു പെൺകുട്ടിക്കും വരരുത്. അനിയന്മാരെ മർദിക്കുന്നത് കണ്ട് ചെന്ന് ചോദിച്ചതിനാണ് ഇങ്ങനെ മര്‍ദിച്ചത്. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകും. എന്‍റെ ഡ്രസ് വരെ വലിച്ചു പറിച്ചു. ശരീരമാസകലം വേദനയാണ്. ജാതി പറഞ്ഞുകൊണ്ടാണ് അടിച്ചത്. ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ തൈക്കാട്ടുശ്ശേരി സ്വദേശി പ്രാദേശിക സിപിഎം പ്രവർത്തകൻ ഷൈജുവിനും സഹോദരനുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇളയ സഹോദരങ്ങളെ മർദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിൽ 19കാരിയായ ദളിത് പെൺകുട്ടിക്ക് ക്രൂര മർദനം ഏറ്റത്.
സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് പെൺകുട്ടിയെ തൈക്കാട്ടുശ്ശേരി സ്വദേശി ഷൈജു റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചത്. ഷൈജുവിനും സഹോദരനുമെതിരെ പൊലിസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നടുറോഡിൽ നടന്ന കൂട്ടത്തല്ലിൽ ഇരുവിഭാഗത്തിലെ ആളുകൾക്കും പരിക്കേറ്റിരുന്നു.അതിനാൽ ഇരു വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മർദന മേറ്റ പെൺകുട്ടിയും മർദിച്ച ഷൈജുവും ഉൾപ്പടെ ആറു പേരും കണ്ടാലറിയാവുന്നവരുമാണ് കൂട്ടത്തല്ല് കേസിലെ പ്രതികൾ. പെൺകുട്ടിക്കും സഹോദരങ്ങൾക്കുമെതിരെ ഷൈജുവും പരാതി നൽകിയിട്ടുണ്ട്.