പഞ്ചാബിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്; നാല് പേർ മരിച്ചു
പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്. രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ മരിച്ചു. അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തർക്കം ഉണ്ടായത്. രണ്ടു സംഘങ്ങളിൽ നിന്നും 2 പേർ വീതമാണ് മരിച്ചത്.
ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ തന്നെയാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റമുട്ടിയത്. പരുക്കേറ്റവരെ അമൃത്സാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോക്കുകൾ പ്രദേശവാസികൾക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് വ്യക്തമായിട്ടില്ല. പ്രാഥമിക പരിശോധനയിൽ അത്യാധുനിക വിദേശനിർമ്മിത തോക്കുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു വെടിവെപ്പ് നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ച് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു എന്നാണ് പൊലീസ് അറിയിച്ചു.