സർക്കാരിന് സാമ്പത്തിക ബാദ്ധ്യത, പി.എസ്.സി അംഗങ്ങളെ കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്
സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുർവ്യയമായ പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ഉന്നത ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ മൂന്നുപേരുടെ സ്ഥാനത്ത് ഇപ്പോൾ ഇരുപത്തിയൊന്ന് പേരാണുള്ളത്.
മുന്നണി സംവിധാനത്തിൽ ചെറിയ ഘടകകക്ഷികൾക്കും അംഗത്വം വീതം വെയ്ക്കണ്ടി വന്നതു കൊണ്ടാണ് അംഗ സംഖ്യ പലപ്പോഴായി കൂട്ടേണ്ടി വന്നത്. മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉള്ളതു കൊണ്ടാണ് പി.എസ്.സി അംഗത്വം ഒരു കച്ചവട ചരക്കായി മാറിയത്.
ലക്ഷങ്ങൾ കൊടുത്ത് അംഗത്വം നേടുന്നവർ ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷങ്ങൾ ഈടാക്കിയാണ് കൊള്ളലാഭം നേടുന്നത്. എഴുത്തു പരീക്ഷകളും വാചാ പരീക്ഷകളും കഴിഞ്ഞ് അർഹത നേടുന്നവരുടെ റാങ്ക് ലിസ്റ്റുകൾ പോലും റദ്ദാക്കുന്ന പി.എസ്.സി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.