Kerala

‘മലിനീകരണ നിയന്ത്രണത്തിനായി എണ്ണക്കമ്പനികൾ നടപടികൾ സ്വീകരിച്ചു തുടങ്ങി’: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Spread the love

സ്വച്ഛതാ മിഷന്റെ ഭാഗമായി രാജ്യം വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റുന്നതിന് എണ്ണക്കമ്പനികൾ വിവിധ നടപടികൾ കൈക്കൊണ്ടു വരുന്നതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ പക്വട ക്യാമ്പയിൻ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ജൂലൈ 1 മുതൽ 15 വരെയുള്ള സ്വച്ഛതാ പക്വട പ്രചാരണത്തിന് നിരവധി പരിപാടികളാണ് എണ്ണക്കമ്പനികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മരങ്ങൾ വച്ചുപിടിപ്പിക്കൽ, സാനിറ്റേഷൻ പ്രവർത്തികൾ മെച്ചപ്പെടുത്തൽ,
എന്നിവ ഇതിന്റെ ഭാഗമായി ചെയ്തുവരുന്നു.

സെപ്റ്റിക് ടാങ്കുകൾ ശുചിയാക്കാൻ റോബോട്ടുകളെ ഉപയോഗിച്ചുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത് ബിപിസിഎൽ ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഇൻഡോർ, ദൂളെ ഉൾപ്പെടെയുള്ള മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് തോട്ടിപ്പണിയിൽ നിന്നും മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കാനുള്ള ശ്രമങ്ങൾക്കും ബിപിസിഎൽ പിന്തുണ നൽകുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി എന്ന നിലയിൽ മുഴപ്പിലങ്ങാട് ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചുവരി കയാണെന്ന് സുരേഷ്ഗോപി വ്യക്തമാക്കി. കടലും വിശാലമായ കരയും ചേരുന്ന മുഴപ്പിലങ്ങാട് സാഹസിക ടൂറിസത്തിന് അനുയോജ്യമാണ്. അതാണ് മുഴപ്പിലങ്ങാട് തെരഞ്ഞെടുക്കാൻ കാരണം.

കോഴിക്കോട് ബീച്ച് ശുചിയാക്കാൻ ഒരു ദിവസം കാലത്ത് വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അന്ന് താനും കൂടി വന്ന് ബീച്ച് ശുചീകരണം പ്രവർത്തനങ്ങളിൽ പങ്കാളിയാകാം എന്നും സുരേഷ്ഗോപി പറഞ്ഞു. സ്വച്ഛതാ പക്വട പദ്ധതിയുടെ വലിയൊരു സന്ദേശം ആയിരിക്കുമതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.