‘ശരണിനെ കാപ്പാ നിയമപ്രകാരം താക്കീത് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ’; ബിജെപി വിട്ട കാപ്പാ പ്രതിയെ മാലയിട്ട് സ്വീകരിച്ചതിനെക്കുറിച്ച് പത്തനംതിട്ട സിപിഐഎം
ബിജെപി വിട്ടുവന്ന കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച സംഭവത്തെ ന്യായീകരിച്ച് പത്തനംതിട്ട സിപിഐഎം. കാപ്പ നിയമപ്രകാരം ശരണിന് താക്കീത് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും ഇയാളുടെ പേരിലുള്ളത് രാഷ്ട്രീയ കേസുകള്‍ മാത്രമാണെന്നും ആണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ആര്‍എസ്എസ്, ബിജെപി സജീവ പ്രവര്‍ത്തകനായിരുന്ന ശരണ്‍ ചന്ദ്രനെയാണ് ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് സിപിഐഎമ്മിന്റെ ചെങ്കൊടി ഏന്താന്‍ തയ്യാറായി വന്നതെന്ന് സ്വീകരണ ചടങ്ങില്‍ ഉദ്ഘാടക കൂടിയായിരുന്ന മന്ത്രി വീണാ ജോര്‍ജ് ഇന്ന് വിശദീകരിച്ചു. (Pathanamthitta cpim on welcoming capa accused to the party)
ഇന്നലെ പത്തനംതിട്ട കുമ്പഴയില്‍ വച്ച് നടന്ന പരിപാടിയിലാണ് ആര്‍എസ്എസ് ,ബി ജെ പി പ്രവര്‍ത്തകരായ 60 ഓളം പേര്‍ സിപിഐഎമ്മില്‍ എത്തിയത് . ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ശരണ്‍ നേരത്തെ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസുകള്‍ ഉള്‍പ്പെടെ പ്രതിയുമാണ്.
ശരണിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമാണ് നിലനില്‍ക്കുന്നത്. ക്രിമിനല്‍ ബന്ധമുള്ളവരെ പാര്‍ട്ടി സംരക്ഷിക്കരുതെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട് പ്രഖ്യാപനം ദേശാഭിമാനിയില്‍ വന്ന ദിവസം തന്നെയാണ് പത്തനംതിട്ടയിലെ നേതൃത്വം കാപ്പാക്കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത്.