Kerala

സിഐടിയുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുന്നു: കെ.സുധാകരന്‍ എംപി

Spread the love

സിപിഐഎമ്മിന്റെ പോഷക സംഘടനകളായ സി.ഐ.ടി.യുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി ഐടിയു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്.

മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചത്.സി ഐടിയുവിന്റെ ആക്രമണം ഭയന്നോടിയ ഫയാസ് ഷാജഹാനെന്ന ചെറുപ്പക്കാരന് കെട്ടിടത്തില്‍ നിന്ന് വീണ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

മറ്റുതൊഴിലാളികളെ ഫൈബര്‍ ട്യൂബ് ലൈറ്റ് കൊണ്ടും കൈ കൊണ്ടും സി ഐടിയുകാര്‍ മര്‍ദ്ദിച്ചെന്ന് ഫയാസിന്റെ പിതാവും കൂലി നല്‍കാമെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് കരാറുകാരനും മാധ്യമങ്ങളോട് വ്യക്തമാക്കി.എസ്.എഫ്.ഐയും സി.ഐ.ടിയും സിപിഎമ്മിന്റെ ഗുണ്ടാപ്പടയായി മാറി.

ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം സംഘടനകള്‍ക്ക് സമൂഹത്തില്‍ പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്നും സുധാകരന്‍ പറഞ്ഞു. തൊഴിലാളികളെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാന്‍ പോലീസ് മടിക്കുകയാണ്. സമാന നിലപാടാണ് കാര്യവട്ടം കാമ്പസില്‍ എസ്.എഫ്.ഐ അതിക്രമം നടത്തിയപ്പോഴും പോലീസ് സ്വീകരിച്ചത്.

അക്രമം നടത്തുന്നത് സിപിഎമ്മിന്റെ പ്രവര്‍ത്തകരാണെങ്കില്‍ നിഷ്‌ക്രിയമാവുകയും അത് ചോദ്യം ചെയ്യാനെത്തുന്ന യുഡിഎഫിന്റെ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്ത് ആത്മാര്‍ത്ഥത കാട്ടുകയും ചെയ്യുന്ന പൊലീസ് നിലപാട് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.അധികാര ഭ്രാന്ത് എന്തും ചെയ്യാനുള്ള ലൈസന്‍സായി സിപിഐഎം കാണരുത്. നിരപരാധികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിപിഎമ്മിന്റെ രക്ഷാപ്രവര്‍ത്തന ശൈലി നാടിന് ആപത്താണ്

ഒന്നാം പിണറായി സര്‍ക്കാര്‍ നോക്കുകൂലി ഒഴിവാക്കി നിയമം നടപ്പാക്കിയെങ്കിലും സി ഐടിയുവിന് മാത്രം അത് ബാധകമല്ലെന്ന് നിലപാടാണ്. നോക്കുകൂലിക്കെതിരെ ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അലംഭാവം തുടര്‍ന്നു.ഇവരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ നോക്കുകൂലി നിരോധനനിയമം വെറും നോക്കുകുത്തിയാണെന്നും സുധാകരന്‍ പരിഹസിച്ചു.