World

കൂടുതൽ ഉറങ്ങണം, എട്ടുമണിക്ക് ശേഷം ഒരു പരിപാടിയിലും പങ്കെടുക്കില്ല: ജോ ബൈഡൻ

Spread the love

സംവാദങ്ങളിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പരിഹാരവുമായി അമരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. കൂടുതൽ സമയം ഉറക്കം, കുറച്ചു സമയം ജോലി, എട്ടുമണിക്കു ശേഷം ഒരു പരിപാടികളിലും പങ്കെടുക്കില്ല എന്നിങ്ങനെയുള്ള നിബന്ധനകൾ ഡമോക്രാറ്റിക് പാർട്ടി ഗവർണമാരുടെ സമ്മേളനത്തിൽ ബൈഡൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിലെ പ്രകടനം വിമർശനത്തിനും ട്രോളുകൾക്കും കാരണമായിരുന്നു. വിശ്രമമില്ലായ്മയും ഉറക്കകുറവുമാണ് ഇതിന് കാരണമെന്ന് ബൈഡൻ തന്നെ വ്യക്തമാക്കി. ബൈഡൻ്റെ പ്രകടനം ഡമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തിയിരുന്നു. ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്നുള്ള വാർത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വാർത്ത നിഷേധിച്ച് ബൈഡൻ തന്നെ രംഗത്തു വന്നു. ഗവർണർമാരുമായുള്ള കൂടിക്കാഴ്ചയിലും താൻ മത്സരത്തിൽ തുടരുമെന്ന് ബൈഡൻ ഉറപ്പുനൽകി.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് 81 വയസ്സാണ് പ്രായം. ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനിറങ്ങുമ്പോൾ ബൈഡന് മുന്നിലുള്ള വെല്ലുവിളികളേറെയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപ് സംവാദങ്ങളിൽ വാക്‌ചാതുരിയും ആക്രമരീതിയും കാരണം ബൈഡനേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ ബൈഡനാകട്ടെ സംവാദത്തിനിടെ ഉറങ്ങിപ്പോകുന്ന സ്ഥിതിവിശേഷമുണ്ടായി. സംവാദത്തിന് മുൻപ് വിദേശത്തേക്ക് ചെറുയാത്രകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്നും ബൈഡൻ വിശദീകരിച്ചെങ്കിലും സംവാദത്തിന് പിന്നാലെ വോട്ടർമാർക്കിടയിൽ ട്രംപ് വലിയ പിന്തുണ നേടിയെന്ന് ഡബ്ല്യുഎസ്ജെ പോൾ ഫലവും പുറത്തുവന്നു. ഇതുപ്രകാരം നിലവിൽ ട്രംപിന് ബൈഡനേക്കാൾ ആറ് പോയിൻ്റ് ലീഡുണ്ട്. ബൈഡനെ 42 ശതമാനം പേരും ട്രംപിനെ 48 ശതമാനം പേരും പിന്തുണക്കുന്നുവെന്നും പോളിൽ വ്യക്തമായി

യാത്രകളും രാത്രി വൈകിയുള്ള പരിപാടികളും ബൈഡനെ ഏറെ ക്ഷീണിപ്പിച്ചതായി കുംബാംഗങ്ങളും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രചാരണത്തിൽ ഏറെ മുന്നിലായ ട്രംപിനെ മറികടക്കുന്നതിന് ബൈഡന് ഏറെ പണിപ്പെടേണ്ടി വന്നു. ഇതും സംവാദങ്ങളിൽ ബൈഡൻ്റെ പ്രകടനം മങ്ങുന്നതിന് കാരണമായി. അടുത്ത ഡിബേറ്റിലെങ്കിലും അമേരിക്കൻ പ്രസിഡൻ്റാവാൻ യോഗ്യനാണെന്ന് തെളിയിക്കാനായില്ലെങ്കിൽ സ്ഥാനാർഥിത്വം ഉപേക്ഷിക്കേണ്ടി വരുമെന്ന് ബൈഡൻ അടുത്ത വൃന്ദങ്ങളോട് സൂചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ബൈഡൻ്റെ പ്രചാരണത്തോട് എതിർപ്പുള്ള ഗവർണർമാരുണ്ടെങ്കിലും മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലന്നാണ് റിപ്പോർട്ടുകൾ. ബൈഡൻ പിന്മാറിയാൽ പകരം ആരെന്ന ചോദ്യവും ഡമോക്രാറ്റ് ക്യാമ്പിനെ ഉലയ്ക്കുന്നുണ്ട്. അതിനാൽത്തന്നെ ജോ ബൈഡൻ്റെ ആവശ്യങ്ങൾ അംഗീകരിച്ച് പൂർവ്വാധികം ശക്തിയോടെ ഡിബേറ്റുകളിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പായിരിക്കും ഇനി ഡമോക്രാറ്റ് ക്യാമ്പിൽ നടക്കുക.