പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി, ചൈനയുമായി സഹകരണം: ബ്രിട്ടൻ്റെ നയം മാറ്റത്തിൽ ലേബര്‍ പാര്‍ട്ടി വാക്കുപാലിക്കുമോ?
ബ്രിട്ടനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മറിലേക്കാണ് ലോകരാഷ്ടങ്ങളുടെ കണ്ണുകൾ. യൂറോപ്യൻ യൂണിയനിൽ നിന്ന് വേര്‍പെട്ട് സ്വതന്ത്രമായി നിൽക്കാൻ തുടങ്ങിയ ശേഷം സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ് ബ്രിട്ടീഷ് ഭരണകൂടം. രാജ്യത്തെ പ്രയാസങ്ങളിൽ നിന്ന് കരകയറ്റാൻ കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് സാധിക്കുമോയെന്നാണ് അറിയാനുള്ളത്.
അധികാരത്തിലേറുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മുന്നിൽ ആദ്യമെത്തുക, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകളാണ്. നാറ്റോയുടെ 75ാം വാര്‍ഷികാഘോഷം നടക്കുന്ന വാഷിങ്ടണിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ അദ്ദേഹം പങ്കെടുക്കും. ഇവിടെ വച്ചാണ് അദ്ദേഹം ബൈഡനെയും മറ്റ് നേതാക്കളെയും കണ്ട് സംസാരിക്കുക.ഇവിടെ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുന്ന അദ്ദേഹം ജൂലൈ 18 ന് സെൻട്രൽ ഇംഗ്ലണ്ടിലെ ഒക്സ്ഫോര്‍ഡിന് അടുത്തുള്ള ബ്ലെൻഹെം കൊട്ടാരത്തിൽ യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി യോഗത്തിൽ പങ്കെടുക്കും. ഫ്രാൻസിൻ്റെ ഭരണത്തലവൻ ഇമ്മാനുവേൽ മാക്രോൺ, ജര്‍മനിയുടെ ഒലഫ് ഷോൾസ് എന്നിവരുമായി അദ്ദേഹം ഇവിടെ വച്ച് കൂടിക്കാഴ്ച നടത്തും.
നീണ്ട 14 വര്‍ഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ അധികാരത്തിലേറുന്ന ലേബര്‍ പാര്‍ട്ടി, വിദേശ നയത്തിൽ വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുമെന്നാണ് അറിയിച്ചത്. ഡേവിഡ് ലമ്മി ബ്രിട്ടൻ്റെ വിദേശകാര്യ സെക്രട്ടറിയായി അധികാരമേൽക്കുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യൻ യൂണിയനുമായി സുരക്ഷാ കരാറിൽ ഒപ്പിടുകയാണ് ലേബര്‍ പാര്‍ട്ടിക്ക് മുന്നിലെ പ്രധാന അജണ്ട. ഒപ്പം ബ്രെക്സിറ്റ് തീരുമാനം ഇപ്പോൾ രാജ്യം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുകയും വേണം.
ചൈനീസ് ബന്ധത്തിൽ പൂര്‍ണ ഓഡിറ്റ് നടത്തുമെന്നാണ് ലേബര്‍ പാര്‍ട്ടി ഇതിനോടകം വ്യക്തമാക്കിയത്. വാണിജ്യ-വ്യാപാര ബന്ധങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിലുമെല്ലാം ചൈനയുമായി സഹകരിക്കണമെന്ന നയമാണ് ലേബര്‍ പാര്‍ട്ടിക്ക്. എന്നാൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഇതിലൊക്കെ ബ്രിട്ടന് നയം മാറ്റേണ്ടി വരും. കടുത്ത ചൈനാ വിരുദ്ധ നിലപാടുകാരനായ ട്രംപ് ചൈനയുമായുള്ള സഹകരണത്തിൽ നിന്ന് പിൻമാറാൻ സഖ്യരാഷ്ട്രങ്ങളെയും നിര്‍ബന്ധിക്കുമെന്നുറപ്പാണ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ മറ്റൊരു നിലപാട്. ദ്വിരാഷ്ട്ര സമവായ നിലപാടാണ് മേഖലയിലെ പ്രശ്ന പരിഹാരത്തിന് ലേബര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇതിനൊരു സമയപരിധി അവര്‍ വെച്ചിട്ടില്ല. മേഖലയിലെ വെടിനിര്‍ത്തൽ, തടവിലുള്ളവരുടെ മോചനം, ഗാസയ്ക്ക് കിട്ടുന്ന സഹായം എന്നിവയെല്ലാം ആശ്രയിച്ചായിരിക്കും ഈ നിലപാടിൻ്റെയും ഭാവി.
കെയ്ര്‍ സ്റ്റാര്‍മര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച മറ്റൊരു കാര്യം യൂറോപ്പിലെ രാജ്യങ്ങളിൽ ഭരണത്തിൽ വരുന്ന ഏത് പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നതാണ്. ഫ്രാൻസിൽ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണൽ റാലി അധികാരത്തിൽ വന്നാൽ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന് അവരോടും സഹകരിക്കേണ്ടി വരും. യൂറോപ്യൻ യൂണിയനിൽ നിന്ന് പിണങ്ങിയെന്നോണം പിരിഞ്ഞ ബ്രിട്ടന് അഭയാര്‍ത്ഥി കുടിയേറ്റങ്ങളിലടക്കം ഫ്രാൻസുമായും യൂറോപ്യൻ യൂണിയനുമായും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഫ്രാൻസുമായി നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നാണ് നേരത്തെ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്.ഇതോടൊപ്പമാണ് യുക്രൈൻ വിഷയത്തിലുള്ള നിലപാടും ഉന്നയിക്കപ്പെടുന്നത്. യുക്രൈനെ സാമ്പത്തികമായി സഹായിച്ച ബ്രിട്ടൻ അവര്‍ക്ക് റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ആയുധവും നൽകിയിരുന്നു. യുക്രൈൻ സൈനികര്‍ക്ക് പരിശീലനവും നൽകി. യുക്രൈനുള്ള സഹായം ഇനിയും തുടരുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നയം. സ്റ്റാര്‍മര്‍ നേരിട്ട് യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കരുതുന്നു.
തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലേറിയാൽ പ്രതിരോധ രംഗത്ത് നയംമാറ്റമുണ്ടാകുമെന്നാണ് നേരത്തെ ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്. അധികാരത്തിലേറി ആദ്യ വര്‍ഷം തന്നെ പ്രതിരോധ ചെലവുകൾ 2.5 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ നിലപാടിലേക്കും ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.