‘എന്റെ പരിപാടിയ്‌ക്കെത്തിയ ജനങ്ങള്‍ തിരക്കില്‍പ്പെട്ട് മരിച്ചതില്‍ ദുഃഖമുണ്ട്, ദുരന്തമുണ്ടാക്കിയവര്‍ ശിക്ഷിക്കപ്പെടും’; അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയില്‍ വിവാദ ആള്‍ദൈവം
ഉത്തര്‍പ്രദേശിലെ ഹാഫ്‌റസില്‍ തന്റെ പരിപാടിയ്‌ക്കെത്തിയ നൂറിലേറെ പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ ദുഃഖമുണ്ടെന്ന് വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ വിഡിയോ സന്ദേശം. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും ദുരന്തമുണ്ടാക്കിയവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. അതിനിടെ അജ്ഞാത കേന്ദ്രത്തിലെത്തി പൊലീസ് ഭോലെ ബാബെയുടെ മൊഴി രേഖപ്പെടുത്തിയെന്നും സൂചനയുണ്ട്.
120ലേറെ പേരുടെ മരണത്തിനിടയാക്കിയ ഹാഫ്‌റസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്താത്തത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഇയാളെ ചോദ്യം ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകളെത്തുന്നത്. ആള്‍ദൈവം ഭോലെ ബാബാ എന്ന സൂരജ് പാല്‍ നാരായണന്‍ ഹരിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആള്‍ദൈവത്തിന്റെ സത്സംഗ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നൂറിലേറെ പേര്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായത്. എന്നാല്‍ കേസില്‍ ആള്‍ദൈവത്തിനെ പ്രതിചേര്‍ക്കാന്‍ തക്ക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വിശദീകരണം.
സംഭവത്തില്‍ 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഭോലേ ബാബയുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.