Kerala

വിവാദങ്ങള്‍ക്കിടെ വീണ്ടും പരസ്പരം പുകഴ്ത്തി തൃശൂര്‍ മേയറും സുരേഷ് ഗോപിയും; മേയര്‍ക്കെതിരെ നില്‍ക്കുന്നവരെ ജനം കൈകാര്യം ചെയ്യുമെന്ന് സുരേഷ് ഗോപി

Spread the love

വിവാദങ്ങള്‍ക്കിടെ വീണ്ടും പരസ്പരം പുകഴ്ത്തി തൃശൂര്‍ മേയര്‍ എം. കെ വര്‍ഗീസും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. സുരേഷ് ഗോപിയെ ജനം വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മേയറോട് ബഹുമാനവും ആരാധനയുമെന്ന് സുരേഷ് ഗോപിയും പറഞ്ഞു. അയ്യന്തോളില്‍ നടന്ന പൊതുപരിപാടിയിലാണ് മേയറും കേന്ദ്ര മന്ത്രിയും തമ്മില്‍ വീണ്ടും കണ്ടുമുട്ടിയത്. പിന്നാലെ യോഗത്തിന്റെ അധ്യക്ഷന്‍ കൂടിയായ മെയര്‍ എം കെ വര്‍ഗീസ് കേന്ദ്രമന്ത്രിയെ പുകഴ്ത്തി.

ന്യായമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കുന്ന മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തനിക്ക് തോന്നുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മേയര്‍ക്കെതിരെ നില്‍ക്കുന്നവരെ ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മേയര്‍ പൊതുവേദിയില്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോഴും ബോധപൂര്‍വ്വം കേന്ദ്രമന്ത്രിയുടെ പേര് ഒഴിവാക്കിയായിരുന്നു പിന്നാലെ ഡെപ്യൂട്ടി മേയരുടെ പ്രസംഗം.

ഉദ്ഘാടനത്തിന് പണം വാങ്ങുമെന്ന തന്റെ പ്രസ്താവനയില്‍ ഇന്ന് സുരേഷ് ഗോപി വിശദീകരണം നല്‍കി. ഉദ്ഘാടനങ്ങള്‍ക്ക് പണം വാങ്ങുമെന്ന് പറഞ്ഞത് പൊതുപരിപാടികള്‍ക്കല്ല. വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ബിസിനസ് വളര്‍ത്താന്‍ ചെയ്യുന്ന ഉദ്ഘാടനങ്ങള്‍ക്ക് ആണ് പണം വാങ്ങും എന്ന് പറഞ്ഞത്. പക്ഷെ താന്‍ ആ പണം എടുക്കില്ല എന്ന് പറഞ്ഞത് ആരും ഉയര്‍ത്തികാട്ടിയില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. സിനിമാ നടന്‍ എന്ന നിലയില്‍ ഉദ്ഘാടനത്തിന് വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് തന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങുമെന്നും അതില്‍ നിന്ന് നയാ പൈസ എടുക്കില്ലെന്നും പണം തന്റെ ട്രസ്റ്റിലേക്ക് പോകുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്.