Wednesday, April 16, 2025
Latest:
Kerala

ഭൂമിക്കടിയിൽ നിർമാണങ്ങളുണ്ടോയെന്ന് നോക്കും, അനിലിനെ എത്തിക്കുന്നത് വൈകും; മാന്നാർ കേസിൽ വലഞ്ഞ് പൊലീസ്

Spread the love

മാന്നാർ: മാന്നാർ കല കൊലപാതക കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അനിൽകുമാറിൻ്റെ വീടിൻ്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മേസ്തിരി പണിക്കാരനായതു കൊണ്ട് തന്നെ ഇത്തരം സാധ്യതകൾ പൊലീസ് തള്ളിക്കളയുന്നില്ല.

വിവര ശേഖരണത്തിന്റെ ഭാഗമായി പോലിസ് പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. അതേസമയം ഇസ്രയേലിലുള്ള ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ കുറച്ചധികം സമയമെടുക്കുമെന്നാണ് വിവരം. കസ്റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ നൽകിയ മൊഴികളിൽ ഉള്ള സ്ഥലങ്ങളിൽ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാൽ പ്രതികളുടെ മൊഴികളുടെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്.