Kerala

‘സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നു’; എസ്എൻഡിപിക്കെതിരെ യെച്ചൂരിയും എം വി ഗോവിന്ദനും

Spread the love

കൊല്ലം: എസ്എൻഡിപിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എൻഡിപിയിൽ സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് യെച്ചൂരി ആരോപിച്ചു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് വിലയിരുത്തിയ യെച്ചൂരി, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വേണമെന്നും നിർദ്ദേശിച്ചു.

എസ്എൻഡിപി ശാഖാ യോഗങ്ങളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. കൊല്ലത്ത് നടന്ന സിപിഎം മേഖല റിപ്പോർട്ടിങ്ങിലായിരുന്നു വിമർശനം. എതിരഭിപ്രായമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോൽപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

എസ്എഫ്ഐയിലെ ചില പ്രവണതകൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്ന് എം.വി ഗോവിന്ദൻ വിലയിരുത്തി. ക്ഷേമപെൻഷൻ വൈകിയത് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കി. ഇത് സിപിഎമ്മിന് തിരിച്ചടിയായി. സർക്കാരും പാർട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസറിയാൻ താഴെ തട്ടിലുള്ള സിപിഎം നേതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.