Kerala

ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത്: വിഴിഞ്ഞം തുറമുഖത്തിന് ലോക്കേഷൻ കോഡ് ലഭിച്ചു

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ലോക്കേഷൻ കോഡ്. ഈ മാസം രണ്ടാം വാരത്തോടെ വിഴിഞ്ഞത്ത് ട്രയൽ റൺ നടക്കും. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്.

കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്റ് ഡാറ്റാ മാനേജ്മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്ന ഏജൻസി. നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ലോക്കേഷൻ കോഡാണ് ഉപയോഗിക്കുക. ഇനി ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച് കോ‍ഡും കസ്റ്റോഡിയൻ കോഡും കിട്ടണം. ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് ക്ലിയറൻസ് അനുവദിച്ച് കിട്ടണം. നാഷണൽ സേഫ്റ്റി ഇൻ പോർട്ട് കമ്മിറ്റി അംഗീകാരവും ഐഎസ്‌പിഎസ് കോഡും നേരത്തെ തന്നെ ലഭിച്ചിരുന്നു.

കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായെന്നാണ് അദാനി കമ്പനി അധികൃതരും തുറമുഖ വകുപ്പും അറിയിക്കുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായാൽ ജൂലൈ 12ന് ശേഷം ആദ്യ ട്രയൽ റൺ ഉണ്ടാകും. മുന്ദ്ര തുറമുഖത്ത് നിന്നുള്ള ചരക്ക് കപ്പലാകും ആദ്യം വിഴിഞ്ഞത്തേക്ക് എത്തുക. അത് വിജയകരമായാൽ പിന്നെ തുറമുഖം കമ്മീഷനിംഗ് നടപടികളിലേക്ക് കടക്കും