Kerala

പച്ചക്കറി കടയിൽ ജോലിക്ക് നിന്ന ഇതര സംസ്ഥാന തൊഴിലാളിയെ നിരീക്ഷിച്ചത് ആഴ്ചകൾ; നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ചു

Spread the love

കോട്ടയം: കോട്ടയത്ത് 2.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ജാർഖണ്ഡ് സ്വദേശിയായ സച്ചിൻ കുമാർ സിങ് എന്നയാളാണ് അറസ്റ്റിലായത്. ജാർഖണ്ഡിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ കുമാർ സിങ്. ഇയാളുടെ കഞ്ചാവ് വിൽപന സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും ആഴ്ചകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് കഴിഞ്ഞ ദിവസം റേഞ്ച് എക്സൈസ് ഇൻസ്‍പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്തത്. മലയാളിയായ യുവാവിനെ നേരത്തെ കുത്തി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

റെയ്ഡ് നടത്തിയ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ് കുമാർ കെ വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, രതീഷ് കുമാർ, തൻസീർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം കാഞ്ഞിരംപാറയിൽ 31 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി. കാഞ്ഞിരംപാറ സ്വദേശി ബിനുകുമാർ എന്നയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എസ് പ്രേമനാഥും സംഘവുമാണ് പരിശോധന നടത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു രാജ് , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജ്യോതിലാൽ, ഗീതാകുമാരി, സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ്, ശ്രീലാൽ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.