Kerala

പണം മടക്കി നൽകി; ഡിജിപി ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി

Spread the love

ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി. പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം മടക്കി നൽകി. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഉമ്മർ ഷെരീഫ് പരാതി നൽകിയിരുന്നു. പലിശ സഹിതം 33 ലക്ഷം രൂപയാണ് മടക്കി നൽകിയത്. ഭാര്യയുടെ പേരിലുള്ള 10.5 സെന്റ് ഭൂമി ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരിരുന്നു. മുൻകൂർ വാങ്ങിയ തുക തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കുമെന്ന് കോടതി വിധി.

പണം കിട്ടിയെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. ഭൂമിയുടെ ജപ്തി നടപടി ഒഴിവാക്കൽ‌ ആയിരിക്കും അടുത്ത നടപടി. രമ്യഹർജി കോടതിയിൽ ഫയൽ ചെയ്തു. 2023 ജൂൺ 22നാണ് ഉമ്മർ ഷെരീഫ് ഡിജിപിയുടെ ഭാര്യ ഫരീദ ഫാത്തിമയുടെ പേരിലുള്ള സ്ഥലം വാങ്ങാൻ കരാറുണ്ടാക്കിയത്. 10.5 സെന്റ് വസ്തു 74 ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു കരാർ. രണ്ടു മാസത്തിനകം സ്ഥലം രജിസ്റ്റർ ചെയ്ത് നൽകണമെന്നായിരുന്നു ധാരണ. അഡ്വാൻസ് ആയി 30 ലക്ഷം രൂപ ഡിജിപിക്ക് നൽകി. 25 ലക്ഷം രൂപ ബാങ്ക് മുഖേനയും, 5 ലക്ഷം രൂപ പണമായി ഡിജിപിയുടെ ഓഫീസിലും എത്തിച്ചു.
എന്നാൽ കൂടുതൽ തുക ഡിജിപി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ ഭൂമിയുടെ ആധാരം കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഉമ്മർ ഷെരീഫ് നടത്തിയ അന്വേഷണത്തിലാണ് എസ് ബി ഐ ബാങ്കിൽ 26 ലക്ഷം രൂപയുടെ ബാധ്യത ഈ സ്ഥലത്തിനുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ തനിക്ക് സ്ഥലം വേണ്ടെന്നും അഡ്വാൻസ് നൽകിയ തുക തിരിച്ചുവേണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടു. മെയ് 28 നാണ് ഉമർ ഷെരീഫിന്റെ പരാതിയിൽ തിരുവനന്തപുരം അഡീഷണൽ സബ് കോടതി ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.