Kerala

കുർബാന വിവാദം: ഒത്തുതീർപ്പ് ചർച്ചകൾക്ക് വിരുദ്ധമാണ് വീഡിയോ സന്ദേശം; പിൻവലിക്കണമെന്ന് അൽമായ മുന്നേറ്റ സമിതി

Spread the love

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ജൂലൈ 3 മുതൽ തന്നെ നടപ്പാക്കണമെന്നായിരുന്നു മേജർ ബിഷപ്പ് റാഫേൽ തട്ടിലിൻ്റെ ആഹ്വാനം. ഏകീകൃത കുർബാന നടപ്പാക്കാത്തതിൽ മാർപാപ്പ വേദനിക്കുന്നു. അൾത്താരയിൽ ഐക്യമില്ലാതെ സഭയിൽ ഐക്യമുണ്ടാവില്ല. ഏതെങ്കിലും കാരണത്താൽ ഏകീകൃത കുർബാന നടപ്പാകുന്നില്ലെങ്കിൽ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത കുർബാനയെങ്കിലും അർപ്പിക്കണം. ഇത് നടപ്പാക്കാത്ത വൈദികൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി.

കൊച്ചി: കുർബാന തർക്കത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നിർദേശം തള്ളി അൽമായ മുന്നേറ്റ സമിതി. കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്ക് വിരുദ്ധമാണ് ആർച്ച് ബിഷപ്പിൻ്റെ വീഡിയോ സന്ദേശമെന്നും ബിഷപ്പിന്റെ വീഡിയോ സന്ദേശം പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. അന്ന് ചർച്ചയിൽ നടന്ന കാര്യങ്ങൾ വീഡിയോ സന്ദേശത്തിലോ സർക്കുലറിലോ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണം ഉണ്ടായില്ലെങ്കിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ പഴയ രീതിയിൽ തന്നെ കുർബാന തുടരുമെന്നും അൽമായ മുന്നേറ്റ സമിതി വ്യക്തമാക്കി.

എന്താണ് കുർബാന ഏകീകരണ തർക്കം?
1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാന അർപ്പിക്കുന്ന രീതിയിലാണ് തർക്കം.