National

പ്രതിപക്ഷത്തെ പരിഹസിച്ച് മോദിയുടെ പ്രസംഗം; മോദി സംസാരിക്കുമ്പോള്‍ മണിപ്പൂര്‍, മണിപ്പൂര്‍ എന്ന് വിളിച്ച് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍; പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍

Spread the love

മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം. തെരഞ്ഞെടുപ്പില്‍ തോറ്റ പ്രതിപക്ഷത്തിന്റെ വേദന എനിക്ക് മനസിലാകുമെന്നും എന്‍ഡിഎ മൂന്നാമതും വന്‍ വിജയം നേടിയെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു. പ്രീണനരാഷ്ട്രീയമായിരുന്നു രാജ്യത്ത് കുറേക്കാലമായി ഉണ്ടായിരുന്നത്. അവരെ ജനം തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതി പരമ്പരകളാണ് കോണ്‍ഗ്രസ് ഭരണകാലത്ത് നാം കണ്ടിരുന്നത്. അഴിമതിയോട് സന്ധി ചെയ്യാത്ത തങ്ങളുടെ നയങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കി. 250 മില്യണ്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പാര്‍ലമെന്റില്‍ പറഞ്ഞു.

നാടകീയ സംഭവങ്ങളാണ് ഇന്ന് സഭയില്‍ അരങ്ങേറിയത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ മണിപ്പൂര്‍, മണിപ്പൂര്‍ എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ അംഗങ്ങളോട് പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ഇത് പ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുഭ്തമായി.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.