Friday, January 31, 2025
Latest:
Kerala

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

Spread the love

മലപ്പുറം വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. ഒരും സംഘം വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ മുഹമ്മദ്‌ ഷിഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷിഫിൻ. അഞ്ചു ദിവസം മുമ്പാണ് ഷിഫിൻ സ്കൂളില്‍ ചേര്‍ന്നത്. അന്ന് മുതൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ് തുടങ്ങിയെന്ന് ഷിഫിൻ പറഞ്ഞു. പാട്ടു പാടിപ്പിക്കുകയും മുടി വെട്ടാൻ നിർദ്ദേശിക്കുകയുമൊക്കെ ചെയ്തു. ഭയന്ന് മുടിവെട്ടി. പിന്നാലെ കൂടുതല്‍ ഉപദ്രവമായി.

സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍, സ്കൂള്‍ വിട്ട് പറത്തിറങ്ങിയപ്പോള്‍ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഈ സ്കൂളില്‍ റാഗിങ് നടന്നിരുന്നതായി ഷിഫിന്‍റെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ സ്കൂളിലും പൊലീസിലും പരാതി നല്‍കാനാണ് മുഹമ്മദ് ഷിഫിന്റെ വീട്ടുകാരുടെ തീരുമാനം.