Kerala

നീറ്റ് പരീക്ഷാ ക്രമക്കേടിൽ DYFI മാർച്ചിനിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കി DYFI പ്രവർത്തകർ

Spread the love

നീറ്റ് പരീക്ഷാ ക്രമക്കേടിൽ DYFI മാർച്ചിനിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കി DYFI പ്രവർത്തകർ. ഡിവൈഎഫ്ഐ പ്രവർത്തകർ സമരം നിർത്തി, ബാരിക്കേഡുകൾ എടുത്തുമാറ്റി ആംബുലൻസിന് വഴിയൊരുക്കി. സമരം നടക്കുന്നതിടെയാണ് നോർത്ത് പാലത്തിലൂടെ രോഗിയുമായി ആംബുലൻസ് എത്തിയത്. കൊച്ചി കലൂരിലായിരുന്നു സംഭവം

ആംബുലൻസിന് വഴിയിലൂടെ കടന്നുപോകാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു. പൊലീസ് വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ടതോടെയായാണ് സമരം നിർത്തി ബാരിക്കേഡുകൾ അഴിച്ചുമാറ്റി ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കിയത്. ഇതോടുകൂടി സമരം അവസാനിപ്പിക്കുകയും ചെയ്‌തു.

അതേസമയം നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ ഡിവെെഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാർച്ച് പലയിടത്തും സംഘർഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്തെ മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. നീറ്റ്/ നെറ്റ് പരീക്ഷയ്ക്ക് പിന്നില്‍ വമ്പിച്ച അഴിമതിയുണ്ടെന്നും എന്തിനാണ് ഇങ്ങനെയൊരു പരീക്ഷ സംവിധാനം കൊണ്ടുവന്നതെന്നും സനോജ് ചോദിച്ചു.

കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ചില്‍ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തില്‍ കലാശിച്ചത്. പൊലീസുമായി ഉന്തും തളളും ഉണ്ടായി. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.