മാന്നാർ തിരോധാനം; കല കാണാതായതിന് പിന്നാലെ അനിൽ കുമാർ മറ്റൊരു വിവാഹം കഴിച്ചു; തുണി കഴുത്തിൽ ചുറ്റി കലയെ കൊന്നു
മാന്നാർ കല തിരോധാന കേസിൽ വഴിത്തിരിവ്. കൊന്നു കുഴിച്ചുമൂടിയെന്ന് നിഗമനത്തിൽ പരിശോധന. കലയെ തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് കസ്റ്റഡിയിലുള്ളവർ മൊഴിനൽകിയത്. നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നിരവധി പേരെ പൊലീസ് കസ്റ്റഡിയെലടുത്ത് ചോദ്യം ചെയ്തിരുന്നു.
അടുത്ത ബന്ധുക്കൾക്ക് കലയെ കൊലപ്പെടുത്തിയെന്ന് അറിയാമായിരുന്നു. അന്ന് അബദ്ധം സംഭവിച്ചിരുന്നതായി അനിൽ കുമാർ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. മൃതദേഹം മറവ് ചെയ്യാൻ ബന്ധുക്കൾ സഹായിച്ചിരുന്നു. അവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കലയെ കാണാതായതിന് ശേഷം വീണ്ടും പൊലീസ് പരാതി നൽകിയിരുന്നു. എന്നാൽ കേസിൽ കലയെക്കുറിച്ച് ഒരു സൂചനയും ലഭ്യമായില്ലായിരുന്നു.
15 വർഷം മുൻപാണ് കലയെ കാണാതായത്. കല കൊല്ലപ്പെട്ട് രണ്ട് മാസത്തിന് ശേഷം ഭർത്താവ് അനിൽ കുമാർ മറ്റൊരു വിവാഹം കഴിച്ചു. കൊലപാതകം സംബന്ധിച്ച് അനിൽ കുമാറിന്റെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കലയും അനിൽ കുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. കല മറ്റൊരാളുടെ കൂടെ പോയതെന്നായിരുന്നു അനിൽകുമാർ കലയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. മറ്റ് അസ്വഭാവികതകളില്ലെന്ന് അനിൽ കുമാർ പറഞ്ഞിരുന്നു.
കലയെ കൊന്ന ശേഷം മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്കിൽ മറവ് ചെയ്തതായാണ് മൊഴി നൽകിയിരിക്കുന്നത്. കസ്റ്റഡിയിലുള്ളവർ അനിൽകുമാറിന്റെ അച്ഛന്റെ സഹോദരന്റെ മക്കളാണ്. മൃതദേഹം കാറിൽ കൊണ്ടുവന്നത് കണ്ടുവെന്നും മറവ് ചെയ്യാൻ സഹായം നൽകിയെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന നടത്തുകയാണ്. അനിൽ കുമാർ നിലവിൽ ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.