National

25 ലക്ഷം രൂപയുടെ കരാര്‍; സല്‍മാനെ വധിക്കാന്‍ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തു

Spread the love

നടൻ സല്‍മാന്‍ ഖാനെ വധിക്കാൻ പദ്ധതിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സൽമാനെ വെടിവച്ച് കൊല്ലാൻ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം. എകെ. 47 അടക്കം ആയുധങ്ങൾ പ്രതികൾ സംഭരിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു

സൽമാനോട് വൈരാഗ്യമുള്ള ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങ് ഏർപ്പാടാക്കിയ വാടക കൊലയാളികളെ കഴിഞ്ഞ മാസമാണ് നവിമുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പ്രതികളാണ് ഇതുവരെ കേസിൽ പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചിരുന്നു. ഇതിനായി എകെ 47 അടക്കം ആയുധങ്ങൾ ഇവർ സംഭരിച്ചു.

25 ലക്ഷം രൂപയ്ക്കാണ് ബിഷ്‌ണോയി ഗ്യാങ് പ്രതികളുമായി കരാര്‍ ഉറപ്പിച്ചിരുന്നത്. സല്‍മാന്‍ ഖാനെ നിരീക്ഷിക്കാനായി വന്‍സംഘത്തെയും പ്രതികള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഏകദേശം 70-ഓളം പേരെയാണ് നടന്റെ മുംബൈ വീടും, പന്‍വേലിലെ ഫാംഹൗസും, മറ്റും നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയത് . നടനെ വധിക്കാനായി 18 വയസ്സില്‍ താഴെ പ്രായമുള്ളവരെയും സംഘം റിക്രൂട്ട് ചെയ്തിരുന്നു. കൊലപാതക ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പിൽ മുംബൈ പൊലീസും അന്വേഷണം തുടരുകയാണ്.