Sports

ഇത് കണ്ടില്ലെങ്കില്‍ പിന്നെ മറ്റെന്ത്; ടി20 ലോകകപ്പ് ഫൈനലില്‍ റെക്കോര്‍ഡ് കാഴ്‌ചക്കാരുമായി ഹോട്‌സ്റ്റാര്‍

Spread the love

മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ടീം ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ റെക്കോര്‍ഡിട്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ഹോട്‌സ്റ്റാര്‍. ബാര്‍ബഡോസില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന് 5.3 കോടി കണ്‍കറന്‍റ് കാഴ്‌ചക്കാരുണ്ടായി എന്നാണ് കണക്ക്. ഈ ലോകകകപ്പിലെ ഏറ്റവും ഉയര്‍ന്ന നമ്പറുകളാണിത്. ആത്മാര്‍പ്പണവും അവിശ്വസനീയമായ കഴിവും കൊണ്ട് ടീം ഇന്ത്യ ലക്ഷക്കണക്കിനാളുകള്‍ക്ക് അഭിമാനവും സന്തോഷവും നല്‍കി എന്ന് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ഇന്ത്യ തലവന്‍ സജിത് ശിവാനന്ദന്‍ പറഞ്ഞു. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തുന്നത് കാണാനാണ് ആരാധകര്‍ ഹോട്‌സ്റ്റാറിലേക്ക് ഒഴുകിയെത്തിയത്.

ടി20 ലോകകപ്പ് ഫൈനലില്‍ റെക്കോര്‍ഡ് കാഴ്‌ചക്കാരെ ലഭിച്ച സന്തോഷം ഡിസ്‌നി+ഹോട്‌സ്റ്റാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. 2023 നവംബര്‍ 19ലെ തോല്‍വി ലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തിരുന്നു. എന്നാല്‍ 2024 ജൂണ്‍ 29ന് ടീം ഇന്ത്യ അവസാനം വരെ അപരാജിതരായി നിന്നു. വെറുമൊരു കപ്പ് നേടുകയായിരുന്നില്ല, കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം എക്കാലത്തേയും കരുത്തോടെ സ്വന്തമാക്കുകയായിരുന്നു. സമയം തകര്‍ന്ന എല്ലാ ഹൃദയത്തെയും സുഖപ്പെടുത്തും. ടീം ഇന്ത്യയുടെ വിജയമാണ് നമ്മുടെയും അത് ആഘോഷിക്കുക എന്നും ഹോട്‌സ്റ്റാര്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ബാര്‍ബഡോസ് വേദിയായ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ 11 വര്‍ഷത്തിന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടുകയായിരുന്നു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഏകദേശം 20.42 കോടി രൂപയാണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്. ഇതിന് പുറമെ ചാമ്പ്യൻ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു.