ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ കുടുംബം ഒഴുക്കിൽപ്പെട്ടു; 4 പേരുടെ മൃതദേഹം കണ്ടെത്തി
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ 5 പേർ കുത്തൊഴുക്കിൽപ്പെട്ടത്. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.
ഇവർ ഒഴുക്കിൽപ്പെട്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിച്ച് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരിഞ്ച് പോലും അനങ്ങാൻ സാധിക്കാതെ നിൽക്കുന്ന ഇവർ പിന്നീട് ഒലിച്ചുപോകുകയായിരുന്നു. മുൻപും അപകടം നടന്ന പ്രദേശമാണിത്.
ഇന്നലെ മൂന്നു പേരുടെമൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിലാണ് നാലു വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 9 വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്താനുള്ളത്. കുട്ടിക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.