Sports

ലോകകപ്പില്‍ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് കിട്ടിയത് 10.67 കോടി, കിരീടം നേടിയ ഇന്ത്യക്കും കൈനിറയെ പണം

Spread the love

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചത് കോടികള്‍. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.

ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്. കിരീടം നേടിയ ഇന്ത്യക്കും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്കും പുറമെ സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും കോടികള്‍ സമ്മാനമായി ലഭിച്ചു. ഇരു ടീമുകള്‍ക്കും 787,500 ഡോളര്‍( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.

ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയിച്ച ഓരോ മത്സരത്തിനും ഏകദേശം 26 ലക്ഷം രൂപ വീതവും സമ്മാനത്തുകയായി ടീമുകള്‍ക്ക് ലഭിച്ചു. 20 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്‍റില്‍ ആകെ 55 മത്സരങ്ങളാണുണ്ടായിരുന്നത്. ലോകകപ്പില്‍ ആകെ 11.25 മില്യണ്‍ ഡോളര്‍ (93.5 കോടി രൂപ) ആണ് ഐസിസി ഇത്തവണ സമ്മാനത്തുകയായി നൽകിയത്. മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ സമ്മാനത്തുക ഇരട്ടിയാക്കിയിരുന്നു. 2022ലെ ടി20 ലോകകപ്പ് ജയിച്ച ഇംഗ്ലണ്ടിന് 5.6 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.

ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 11 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.