25 വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി; ഇനി സിദ്ധിഖ് നയിക്കും
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാര്‍.
25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെയാണ് സിദ്ധിഖിന്റെ വിജയം. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. മഞ്ജു പിള്ളയും മത്സരരംഗത്തുണ്ടായിരുന്നു. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി.
സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു വിഷമം പങ്കുവച്ചു. തന്നെ പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു പറഞ്ഞു. പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകന്ദനും എതിരാളികളില്ലാതെ വിജയിച്ചു.11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് അമ്മയുടേത്.