വമ്പന്മാരിൽ നിന്നും കിട്ടാനുളളത് 1000 കോടിയോളം, കെഎസ്ഇബി പക്ഷേ ഫ്യൂസൂരിയത് വയനാട്ടിലെ പട്ടിക വർഗ വിഭാഗത്തിന്റെ
തിരുവനന്തപുരം : ഭീമമായ കുടിശ്ശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളെ തൊടാൻ മടിക്കുന്ന കെ.എസ്.ഇബി കഴിഞ്ഞ ഒരു വർഷത്തിനിടെ വയനാട്ടിൽ ഒന്നര ലക്ഷം പിന്നോക്ക വിഭാഗക്കാരുടെ വീടുകളുടെ ഫ്യൂസ് ഊരി. പണമടക്കാത്തതിന്‍റെ പേരിൽ വയനാട്ടിൽ 1,514 പട്ടിക വർഗ കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.
ബില്ല് അടക്കാത്തവരോട് കെ.എസ്ഇബിക്ക് രണ്ട് നയമാണെന്നതാണ് നിയമസഭാ രേഖകൾ ചൂണ്ടിക്കാട്ടുന്നത്. 188 കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് കേരള വാട്ടർ അതോറിറ്റി നൽകാനുള്ളത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് 119 കോടി അമ്പത്തിയഞ്ച് ലക്ഷവും, കേരള പൊലീസ് 72 കോടി അറുപത്തിമൂന്ന് ലക്ഷവും നൽകാനുണ്ട്. ഇതെല്ലാം കൂടി കൂട്ടിയാൽ ആയിരം കോടിയിലേറെ വരും. കെഎസ്ഇബിക്ക് സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നൽകാനുള്ള കുടിശ്ശികയാണ് ഇത്.
ഇനി വയനാട്ടിൽ പണമടക്കാത്തതിന്‍റെ പേരിൽ വീടുകളിലെ ഫ്യൂസ് ഊരിയ കണക്കുകൾ പരിശോധിക്കാം. കഴിഞ്ഞ മാർച്ച് 1 മുതൽ നാളിതുവരെ 1,62,376 കണക്ഷനുകളാണ് വിച്ഛേദിച്ചത്. പലരും പണമടച്ച് വൈദ്യുതി പുനസ്ഥാപിച്ചു. ഫ്യൂസ് ഊരിയ കുടുംബങ്ങളിൽ 3,113 വീടുകൾ ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടേതാണ്. 1514 കുടുംബങ്ങളാണ് ഇനിയും ഇരുട്ടിൽ നിൽക്കുന്നത്.
പണമില്ലാത്തതിന്റെ പേരിൽ നട്ടം തിരിയുന്ന കെഎസ്ഇബി കണ്ണുരുട്ടുന്നത് പാവങ്ങളോട് മാത്രമാണ്. ആയിരം കോടികളുടെ ഈ കുടിശ്ശിക പിരിച്ചെടുത്താൽ നിലവിലെ പ്രസിസന്ധി മാറും. ആവശ്യത്തിന് നിയമനങ്ങൾ നടത്തി ജീവനക്കാരില്ലാത്തിന്‍റെ പ്രതിസന്ധി പരിഹരിക്കാനും കെ.എസ് ഇ ബിയെ ആധുനിക വൽക്കരിക്കാനും കഴിയും.