ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഹരിദ്വാറിൽ ഗംഗാനദി കരകവിഞ്ഞൊഴുകി; വാഹനങ്ങൾ ഒഴുകിപോയി
ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ഹരിദ്വാറിൽ ഗംഗാനദി കരകവിഞ്ഞ് ഒഴുകുകി. ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് ഇരച്ചെത്തിയ ജലപ്രവാഹം തീരത്തെ ആകെ മുക്കി. നിരവധി വാഹനങ്ങൾ ഒഴുകിപോയി. ഗംഗയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തി. അടുത്ത മൂന്ന് ദിവസംകൂടി ഉത്തരാഖണ്ഡിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഉച്ചയ്ക്ക് ശേഷമാണ് ഗംഗാ നദിയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രധാന റോഡുകൾ മുങ്ങി. ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ഒഴുക്കുകുറഞ്ഞ സുഖി നദിയുടെ തീരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്.
കോട്‍വാളി മേഖലയെ ആണ് വെള്ളപ്പൊക്കം കൂടുതൽ ബാധിച്ചത്. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീർത്ഥാടകരുൾപ്പെടെ നദിയിൽ ഇറങ്ങരുതെന്ന് പൊലീസ് നിദേശം നൽകി. അടുത്ത മാസം നാല് വരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.