Monday, January 27, 2025
Kerala

എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരണം; ജനവിധിയെക്കുറിച്ച് ആഴത്തിൽ പഠിക്കണം’; ബിനോയ് വിശ്വം

Spread the love

എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിലെ വിവാദങ്ങളിലെ വിമർശനം വ്യക്തിപരമല്ലെന്നും പറയാനുള്ളത് പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പറയാൻ ആഗ്രഹിച്ചത് പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ചെങ്കൊടിയുടെ തണലിൽ അധോലോക സംസ്‌കാരം വളരരുതെന്ന് അദ്ദേഹം പറഞ്ഞു.

എംഎം ഹസന്റെ പ്രസ്താവന ചിരിച്ചുകൊണ്ട് തള്ളുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്ലാ കുറ്റവും സിപിഐഎമ്മിനെന്ന നിലപാട് സിപിഐക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർഭരണം ജനങ്ങൾ നൽകിയതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനവിധിയെക്കുറിച്ച് എൽഡിഎഫ് ആഴത്തിൽ പഠിക്കണം. ആവശ്യമായ തിരുത്തൽ വേണം. തിരുത്തിക്കൊണ്ട് മുന്നോട്ട് പോകണം. എൽഡിഎഫാണ് ജനങ്ങളുടെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ സിപിഐഎം വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങളിൽ ബിനോയ് വിശ്വം കഴിഞ്ഞദിവസം വിമർശനം ഉന്നയിച്ചിരുന്നു. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണം പൊട്ടിക്കലിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണെന്ന് ബിനോയ് വിശ്വം പ്രസ്താവനയിൽ‌ വ്യക്തമാക്കിയിരുന്നു. ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീത്ത പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും അവർക്ക് മാപ്പില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.