അയോധ്യയിൽ നിർമ്മിച്ച രാം പഥ് റോഡിലും വെള്ളം കയറി: ആയുധമാക്കി പ്രതിപക്ഷം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് യുപി സർക്കാർ
അയോധ്യയിൽ പുതുതായി നിർമ്മിച്ച 14 കിലോമീറ്റർ നീളമുള്ള രാം പഥ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ആറ് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. സിവിൽ ഏജൻസികളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. റോഡ് നിർമ്മിച്ച കരാറുകാരന് സർക്കാർ നോട്ടീസ് നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫൈസാബാദിൽ നിന്നുള്ള എംപി അവധേഷ് പ്രസാദ് രംഗത്തെത്തി.
ജൂൺ 23 നും 25 നും പെയ്ത മഴയിൽ റോഡിൽ വെള്ളം കയറിയിരുന്നു. ഓടകളിൽ നിന്ന് വെള്ളം റോഡിലേക്ക് കയറിയതോടെ യാത്രക്കാർ ദുരിതത്തിലായി. രാം പഥ് റോഡിൻ്റെ ഇരുകരകളിലുമായി ഉണ്ടായിരുന്ന വീടുകളും വെള്ളത്തിലായിരുന്നു. സംഭവത്തിൽ സമാജ്‌വാദി പാർട്ടിയും സ്ഥലം എംപിയായ അവധേഷ് പ്രസാദും ബിജെപി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്. പിന്നാലെയായിരുന്നു നടപടി.
പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ധ്രുവ് അഗർവാൾ (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ), അനൂജ് ദേശ്‌വാൾ (അസിസ്റ്റൻ്റ് എഞ്ചിനീയർ), പ്രഭാത് പാണ്ഡെ (ജൂനിയർ എഞ്ചിനീയർ), ആനന്ദ് കുമാർ ദുബെ (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ), രാജേന്ദ്ര കുമാർ യാദവ് (അസിസ്റ്റൻ്റ് എഞ്ചിനീയർ), മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശ് ജൽ നിഗമിലെ ഷാഹിദ് (ജൂനിയർ എഞ്ചിനീയർ) എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.
ഇതേ ദിവസങ്ങളിൽ പെയ്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിലും വെള്ളം കയറിയിരുന്നു. രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശ്രീകോവിലുൾപ്പടെ ആദ്യ മഴയിൽ ചോർന്നുവെന്ന് ആരോപിച്ച് മുഖ്യ പൂജാരി സത്യേന്ദ്ര ദാസാണ് രംഗത്ത് വന്നത്. മഴ തുടർന്നാൽ ദർശനം തടസപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഗുരുമണ്ഡപം തുറന്നുകിടക്കുന്ന രീതിയിലാണ് ക്ഷേത്രം രൂപകൽപന ചെയ്തതെന്നും ഒന്നാം ഇലക്ട്രിക്കൽ വർക്കുകളും മറ്റ് ചില നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും അതിനാലാണ് വെള്ളം ക്ഷേത്രത്തിലേക്ക് വീണതെന്നുമായിരുന്നു ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഇന്ത്യ സഖ്യ നേതാക്കൾ ഉന്നയിച്ചത്.