World

പ്രശ്നങ്ങൾ കൂടപ്പിറപ്പായ ബഹിരാകാശ പേടകം, അനിശ്ചിതത്വത്തിലായി സുനിതയുടെ മടങ്ങി വരവ്; പ്രതീക്ഷയോടെ ലോകം, സഹായം തേടാതെ നാസയും ബോയിങും

Spread the love

ദൗത്യം നാസയുടേതെങ്കിലും സുനിത വില്യംസ് എന്ന പേരും വ്യക്തിയും ഇന്ത്യക്ക് നൽകിയ അഭിമാനം ചെറുതല്ല. കൽപ്പന ചൗളയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോയ അവർ, അറിവിൽ, ലക്ഷ്യബോധത്തിൽ, കഠിനാധ്വാനത്തിലെല്ലാം ഇന്ത്യൻ സ്ത്രീത്വത്തിൻ്റെ പര്യായമായി മാറി. എന്നാൽ നാസയുടെ ദൗത്യം വലിയ പ്രതിസന്ധികളെ നേരിടുന്നുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ അമേരിക്കയ്ക്കൊപ്പം ഇന്ത്യാക്കാരുടെയും നെഞ്ചിടിപ്പേറുകയാണ്. സുനിത ജേതാവിൻ്റെ നിറചിരിയോടെ മണ്ണിലിറങ്ങുന്നത് കാത്തിരിക്കുകയാണ് ലോകവും.

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിനായാണ് സുനിത വില്യംസ് ബോയിങ് സ്റ്റാർലൈനർ എന്ന പേടകത്തിൽ ഇത്തവണ യാത്ര തിരിച്ചത്. 58 കാരിയായ സുനിതക്കൊപ്പം ബച്ച് വിൽമോറെന്ന സഹയാത്രികനാണുള്ളത്. ജൂൺ അഞ്ചിനായിരുന്നു പേടകം വിക്ഷേപണം ചെയ്തത്. ആറിന് പേടകം ബഹിരാകാശ നിലയിത്തിലെത്തി. എട്ട് ദിവസത്തിന് ശേഷം ജൂൺ 13 ന് ഇവിടെ നിന്നും തിരിച്ച് വരേണ്ടതായിരുന്നു. ജൂൺ മാസം അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കാനിരിക്കെ സുനിതയ്ക്കും സുഹൃത്തിനും തിരിച്ചെത്താനായിട്ടില്ല.

സുനിതയ്ക്ക് ബഹിരാകാശ യാത്ര ഇത് ആദ്യത്തേതല്ല. എന്നാൽ ബോയിംഗ് സ്റ്റാർലൈനറിനെ സംബന്ധിച്ച് പല കാരണങ്ങളാലും വിശേഷപ്പെട്ടതാണ്. ആദ്യമായാണ് ഈ പേടകം മനുഷ്യരുമായി ബഹിരാകാശത്തേക്ക് പോകുന്നത്. ഏഴ് പേരെ വഹിക്കാനാവുമെങ്കിലും ഇത്തവണ രണ്ട് പേർ മാത്രമാണ് ദൗത്യത്തിലുണ്ടായിരുന്നത്. ബോയിംഗ് സ്റ്റാർലൈനറിന് പ്രശ്നങ്ങൾ കൂടപ്പിറപ്പാണ്. 2017 ലെ ആദ്യ ആളില്ലാ ബഹിരാകാശ ദൗത്യം പേടകത്തിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ മൂലം രണ്ട് വർഷത്തോളമാണ് വൈകിയത്. 2019 ലാണ് ദൗത്യം നടന്നത്. പിന്നീട് 2022 ൽ പേടകത്തിൻ്റെ രണ്ടാമത്തെ ആളില്ലാ ദൗത്യം നടന്നു. കഴിഞ്ഞ വർഷമാണ് പേടകം മനുഷ്യരുമായി ബഹിരാകാശത്തേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അതും വൈകി. പ്രശ്നങ്ങൾ വിടാതെ പിന്തുടർന്നു. 2024 മെയ് ആറിന് വിക്ഷേപണം നിശ്ചയിച്ചപ്പോഴും പ്രശ്നം ഒഴിഞ്ഞില്ല. വിക്ഷേപണ വാഹനമായ അറ്റ്ലസ് ഫൈവ് റോക്കറ്റിൻ്റെ ഓക്സിജൻ വാൽവിൽ ചോർച്ച കണ്ടെത്തിയതിനാൽ ദൗത്യം മാറ്റി. മെയ് 17 ന് വിക്ഷേപണം നിശ്ചയിച്ചപ്പോൾ പേടകത്തിലെ ഹീലിയം ചോർച്ച വില്ലനായി, വീണ്ടും യാത്ര മാറ്റി. ജൂൺ ഒന്നിന് വിക്ഷേപിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഗ്രൗണ്ട് കംപ്യൂട്ടർ സിസ്റ്റത്തിലായി പ്രശ്നം. ഒടുവിൽ ജൂൺ ആറിന് പേടകം ബഹിരാകാശത്തെത്തി.

എന്നാൽ ബഹിരാകാശത്ത് വച്ചും പേടകത്തിൽ രണ്ടിടത്ത് ഹീലയം ചോർച്ച കണ്ടെത്തി. ചോ‍ർച്ച പരിഹരിക്കാൻ ഒരു വാൾവ് അടച്ചു. ഇതോടെ പേടകത്തിലെ 28 റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിൽ ആറെണ്ണം ഉപയോഗിക്കാൻ സാധിക്കാതായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത ശേഷം വീണ്ടും രണ്ട് ഹീലിയം ചോർച്ച കൂടി കണ്ടെത്തിയതോടെ ചോർച്ചകൾ നാലായി. ഇതിന് ശേഷവും ചോർച്ചയുണ്ടായി എന്നാണ് വിവരം. പേടകത്തിന് സുരക്ഷിതമായി തിരികെയെത്താൻ കുറഞ്ഞത് 14 ത്രസ്റ്ററുകളെങ്കിലും ആവശ്യമാണ്.

ബോയിങ് സ്റ്റാർലൈനർ ഉപയോഗിച്ച് ബഹിരാകാശത്തേക്കുള്ള യാത്രാ സാധ്യത പഠിക്കാനാണ് സുനിത വില്യംസ് ദൗത്യത്തിന് ഇറങ്ങിയത്. ഇതേ നിലയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിച്ച് തിരിച്ചെത്തിച്ച പരിചയ സമ്പത്തുള്ളതാണ് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് കമ്പനി. ഇവരുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്. എന്നാൽ നിലവിൽ അതിൻ്റെ ആവശ്യമില്ലെന്നാണ് നാസയുടെയും ബോയിങിന്റെയും നിലപാട്.

2006 ൽ തൻ്റെ ആദ്യ ബഹിരാകാശ യാത്രയിൽ 195 ദിവസമാണ് സുനിത വില്യംസ് അവിടെ കഴിഞ്ഞത്. ബഹിരാകാശത്ത് 50 മണിക്കൂറും 45 മിനിറ്റും നടന്നിട്ടുള്ള സുനിത ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതയാണ്. മൂന്ന് യാത്രകളിലുമായി ഇതുവരെ 343 ദിവസമാണ് സുനിത വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്. സുനിതയ്ക്ക് മുൻപ് ഇന്ത്യയുടെ യശസ് ഉയർത്തിയ ബഹിരാകാശ പര്യവേഷകയായിരുന്നു കൽപ്പന ചൗള. ഹരിയാനയിലെ കർണാലിൽ 1962 ൽ ജനിച്ച അവർ ബിരുദ പഠനത്തിന് ശേഷമാണ് ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയിൽ പോയത്. 1988 ൽ അവർ നാസയുടെ ഭാഗമായി. 1997 ൽ കൊളംബിയ സ്പേസ് ഷട്ടിലിലായിരുന്നു കൽപ്പനയുടെ ആദ്യ ബഹിരാകാശ യാത്ര. ആദ്യ യാത്രക്ക് ശേഷം തിരിച്ചെത്തിയ കൽപ്പനയുടെ ഖ്യാതി ലോകമാകെ പരന്നു. ബഹിരാകാശത്ത് കാല് കുത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയായ സ്ത്രീയായി അവർ മാറി. ഇതോടെ വീണ്ടും ദൗത്യത്തിന് കൽപ്പനയ്ക്ക് അവസരം കിട്ടി. 2003 ലായിരുന്നു ആ യാത്ര. മടങ്ങി വരവിൽ ഭൗമാന്തരീക്ഷത്തിലേക്ക് കടന്നതും കൊളംബിയ സ്പേസ് ഷട്ടിൽ ഒരു അഗ്നിഗോളമായി കത്തിയമർന്നത് ലോകം നടുക്കത്തോടെ കേട്ടു. കണ്ണീരിലും നിരാശയിലും നൊമ്പരമടക്കാനാവാതെ ലോകം ആ വാർത്തയ്ക്ക് മുന്നിൽ തലകുനിച്ചു.