Kerala

സൈനികന്‍റെ മൃതദേഹത്തോട് അനാദരവ്, മൃതദേഹം നാട്ടിലെത്തിയത് ജീര്‍ണിച്ച അവസ്ഥയില്‍; പരാതിയുമായി ബന്ധുക്കള്‍

Spread the love

തിരുവനന്തപുരം: രാജസ്ഥാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിന്‍റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍. തിരിച്ചറിയാൻ കഴിയാത്ത വിധം ജീര്‍ണിച്ച അവസ്ഥയിൽ എത്തിയതോടെയാണ് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ശേഷം ഡിഎന്‍എ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 18നാണ് 59 കാരനായ സാമൂവൽ പൂവാറിലെ വീട്ടിൽ നിന്ന് അവധിക്ക് ശേഷം തിരിച്ച പോയത്. രാജസ്ഥാനിലെ വാള്‍മീറിൽ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു ജോലി. കഴിഞ്ഞ 24 ന് ഹൃദയസ്തംഭനംമൂലം സാമുവൽ മരിച്ചതായി വീട്ടിൽ ഫോണ്‍ വിളിയെത്തി. 26 ന് രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു. പെട്ടി പുറത്തെടുത്തപ്പോഴേ ദുർ​ഗന്ധം അനുഭവപ്പെട്ടെന്ന് ബന്ധുക്കൾ പറയുന്നു. നേരെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെട്ടിതുറന്നപ്പോൾ വളരെ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മൃതദേഹത്തിൽ യൂണിഫോമിലുള്ള പാന്‍റ്സ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനായി ‍ഡിഎന്‍എ സാമ്പിൾ പരിശോനക്ക് അയച്ചു. സംഭവത്തില്‍ ബന്ധുകൾ പൂവ്വാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോന ഫലം വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.