Kerala

അപകീര്‍ത്തി പരാമര്‍ശം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് പി ജയരാജന്റെ മകന്‍

Spread the love

സിപിഐഎം വിട്ട യുവ നേതാവ് മനു തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. പി ജയരാജനും തനിക്കുമെതിരെ മനു തോമസ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ന്‍ രാജ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അപകീര്‍ത്തി പരാമര്‍ശത്തില്‍ മനു തോമസിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് ഇന്നലെ ഫേസ്ബുക്കിലൂടെ സൂചിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പിതാവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. നിയമനടപടി സ്വീകരിക്കാന്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും ജെയ്ന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

അതിനിടെ കണ്ണൂരിലെ സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കും. ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.