മനു തോമസിന്റെ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ്; മനുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ഡിസിസി പ്രസിഡന്റ്
സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു. മനു തോമസിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ അന്വേഷണം വേണമെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ മാഫിയ പ്രവര്‍ത്തനം വെളിവാകുന്നു. ടിപി, ഷുഹൈബ് വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് മനു തോമസില്‍ നിന്ന് വരുന്നതെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയിലും ഉന്നയിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വം കുടപിടിക്കുന്നുവെന്ന് വി ഡി സതീശന്‍ സഭയില്‍ വിമര്‍ശിച്ചു. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവിധേയനായ എം ഷാജിറിനെ സംസ്ഥാന സര്‍ക്കാര്‍ യുവജന കമ്മിഷന്റെ ചെയര്‍മാനാക്കുകയാണ് ചെയ്തത്. എന്തെല്ലാമാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നത്. ആകാശ് തില്ലങ്കേരിയ്ക്ക് ട്രോഫി കൊടുത്ത നേതാവാണ് കേരളത്തിലെ യുവജനകമ്മിഷന്റെ ചെയര്‍മാന്‍. ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത് സാധാരണക്കാരനായ പ്രവര്‍ത്തകനല്ലെന്നും കണ്ണൂരിലെ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാനിരുന്നെങ്കിലും തടസവാദവുമായി മന്ത്രി എം ബി രാജേഷ് രംഗത്തുവരികയായിരുന്നു. അടിയന്തര പ്രമേയവിഷയത്തില്‍ ചില വ്യക്തിപരമായ പരാമര്‍ശങ്ങളും അധിക്ഷേപ പരാമര്‍ശങ്ങളുമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടുകയായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിരസിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.