മനു തോമസിന്റെ വെളിപ്പെടുത്തൽ; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
സിപിഐഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നടത്തിയ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മനു തോമസിന്റെ വെളിപ്പെടുത്തൽ ടിപി ചന്ദ്രശേഖരൻ, ഷുഹൈബ് വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സാധൂകരിക്കുന്നതാണെന്ന് മാർട്ടിൻ ജോർജ്.
സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയ പ്രവർത്തനങ്ങൾ വെളിവാകുന്നുവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് രംഗത്തെത്തിയത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഐഎമ്മിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് മനു തോമസ് വെളിപ്പെടുത്തിയത്.
പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നായിരുന്നു മനു പറഞ്ഞത്. അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു. സ്വർണക്കടത്ത്, ക്വട്ടേഷൻ വിഷയങ്ങളിൽ പാർട്ടി ആകെ ഗ്രസിച്ചുനിന്ന ഘട്ടത്തിൽ ഇതിനെതിരെ പ്രതികരിച്ച തങ്ങൾ ബലിയാടുകളാക്കപ്പെട്ടുവെന്ന് മനുതോമസ് പറഞ്ഞിരുന്നു. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
കണ്ണൂരിൽ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്നും സംഘടനാ ബന്ധങ്ങൾ ചിലർ തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മനു തോമസ് ട്വന്റിഫോർ എൻകൗണ്ടർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഡിവൈഎഫ്‌ഐയുടെ ഏറ്റവും ശക്തമായ കണ്ണൂർ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.