World

ലോകത്തിന് മുന്നിൽ അമേരിക്കയെ തുറന്നുകാട്ടിയ ജൂലിയൻ അസാഞ്ജെ

Spread the love

ജനാധിപത്യത്തിൻ്റെയും സമാധാനത്തിൻ്റെയും മനുഷ്യാവകാശങ്ങളുടെയും കാവൽക്കാരാണ് തങ്ങളെന്ന അമേരിക്കയുടെ വാദങ്ങൾ പൊള്ളയാണെന്ന് ലോകത്തിനു മുന്നിൽ കാണിച്ചുകൊടുത്ത കംപ്യൂട്ടർ പ്രോഗാമറും ആക്ടിവിസ്റ്റുമാണ് ജൂലിയൻ അസാഞ്ജെ. 2006ൽ സ്ഥാപിച്ച വിക്കിലീക്സ് എന്ന മാധ്യമസ്ഥാപനത്തിലൂടെ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ആയിരക്കണക്കിന് വിവരങ്ങളാണ് അസാഞ്ജെ പുറത്തുവിട്ടത്. അമേരിക്ക മുതൽ സൊമാലിയ വരെയുള്ള രാജ്യങ്ങൾ നടത്തിയ കുറ്റകൃത്യങ്ങളും ഗൂഢാലോചനകളും വിക്കിലീക്സ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. വിക്കിലീക്സിൻ്റെയും അസാഞ്ജെയുടെയും പ്രവർത്തനങ്ങൾ ആഗോളതലത്തിൽ മാധ്യമസ്വതന്ത്ര്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്കാണ് വഴിതുറന്നത്. വിസിൽ ബ്ലോവർമാർക്ക് പരിരക്ഷനൽകുന്ന പുതിയ നിയമങ്ങൾ പല രാജ്യങ്ങളിലും നിലവിൽ വരുന്നതിനും വിക്കിലീക്സ് കാരണമായി

വിക്കിലീക്സിലൂടെ ആഗോളതലത്തിൽ തന്നെ തീവ്രവാദത്തിന് ലോകത്തെ പല രാജ്യങ്ങളും നൽകിയ പിന്തുണയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലോകമറിഞ്ഞു. അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ജെ ലോകശ്രദ്ധ നേടിയത്. 2010ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകൾ വരുന്ന രേഖകളാണ് ഇപ്രകാരം വിക്കിലീക്‌സ് പുറത്തുവിട്ടത്. പല രാജ്യങ്ങളിൽ നിന്നുള്ള വിസിൽ ബ്ലോവേഴസ് വിക്കിലീക്സിന് വിവരങ്ങൾ കൈമാറി. യുദ്ധക്കുറ്റം മുതൽ ശാസ്ത്രലോകത്തെ തട്ടിപ്പ് വരെ അവർ പ്രസിദ്ധീകരിച്ചു. ജീവിതം സമരമാക്കി മാറ്റിയ അസാഞ്ജെ, യുഎസുമായുണ്ടാക്കിയ കുറ്റസമ്മത കരാർ പ്രകാരമാണ് സ്വന്തം നാടായ ഓസ്ട്രേലിയയിൽ തിരിച്ചെത്തിയത്.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലായിരുന്നു ജൂലിയൻ അസാഞ്ജെയുടെ ജനനം. അദ്ദേഹം ജനിക്കുന്നതിന് മുൻപേ അച്ഛൻ ജോൺ ഷിപ്റ്റണുമായി അമ്മ ക്രിസ്റ്റിൻ ആൻ ഹോക്കിങ്സ് വേർപിരിഞ്ഞിരുന്നു. പിന്നീട് റിച്ചാർഡ് അസാഞ്ജെയെ അവർ ജീവിത പങ്കാളിയാക്കി. അധികം വൈകാതെ ആ ബന്ധവും വേർപിരിഞ്ഞു. പല നാടുകളിൽ അമ്മയ്ക്കൊപ്പം മാറി മാറി താമസിച്ച അസാഞ്ജെയുടെ പഠനം സ്കൂളുകളിൽ നിന്ന് സ്കൂളുകളിലേക്ക് മാറിക്കൊണ്ടിരുന്നു. ചെറുപ്രായത്തിൽ തന്നെ സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധയൂന്നിയ അദ്ദേഹം വിമത നിലപാടുകാരനായിരുന്നു. കമ്പ്യൂട്ടറിലായിരുന്നു അസാഞ്ജെയ്ക്ക് കമ്പം. കമ്പ്യൂട്ടറിൻ്റെ ഭാഷ പഠിക്കുകയും ഹാക്കിങിലേക്ക് ക്രമേണ ശ്രദ്ധ മാറുകയും ചെയ്തു. മെൻഡക്സ് എന്ന പേരിൽ കൗമാരപ്രായത്തിൽ ഹാക്കിങ് തുടങ്ങി. ഇന്റര്‍നാഷണല്‍ സബ് വേര്‍സീവ്‌സ് ഹാക്കിങ് കമ്പനിയുണ്ടാക്കിയായിരുന്നു തുടക്കം. എന്നാൽ അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയതിന് പിന്നാലെ ഓസ്ട്രേലിയയിൽ അദ്ദേഹം പിടിക്കപ്പെട്ടു. പിഴയടച്ചാണ് കേസിൽ നിന്ന് തലയൂരിയത്. പതിനെട്ടാം വയസിൽ തെരേസയെന്ന 16കാരിയുമായി പ്രണയം. തൊട്ടടുത്ത വർഷം ഇരുവർക്കും മകൻ ജനിച്ചു. ഡാനിയേൽ എന്നാണ് പേരിട്ടത്. എന്നാൽ പൊലീസിൻ്റെ നിരന്തര നിരീക്ഷണത്തിലായിരുന്ന അസാഞ്ജും തെരേസയും തമ്മിൽ ഇതേച്ചൊല്ലി ഭിന്നത രൂക്ഷമായതോടെ ബന്ധം വഷളായി. കുഞ്ഞുമായി തെരേസ വീടുവിട്ടു. അതോടെ ആ ബന്ധം അവസാനിച്ചു. പക്ഷെ തൻ്റെ വിമത ജീവിതം അസാഞ്ജെ അവസാനിപ്പിച്ചില്ല.

അമേരിക്കയ്ക്ക് ചില്ലറ തലവേദനയല്ല ജൂലിയൻ അസാഞ്ജെയും വിക്കിലീക്സും സമ്മാനിച്ചത്. അതുകൊണ്ടുതന്നെ, ഒരായുഷ്കാലം മുഴുവൻ തടവിൽ കഴിഞ്ഞാലും തീരുന്ന കുറ്റങ്ങളല്ല, അസാഞ്ജിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്. യു.എസ്. സർക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകൾ ചോർത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നതായിരുന്നു യു.എസിന്റെ ആരോപണം. 175 വർഷക്കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ട കുറ്റങ്ങളായിരുന്നു അവ. എന്നാൽ കുറ്റ സമ്മത കരാർ വ്യവസ്ഥ പ്രകാരമാണ് അയാൾ പുറത്തിറങ്ങിയത്. ഇതിനോടകം ശിക്ഷാ കാലാവധി പൂർത്തിയാക്കിയെന്ന് കണക്കാക്കിയാണ് പസഫിക് സമുദ്രത്തിലെ കോമണ്‍വെല്‍ത്ത് പ്രദേശമായ നോര്‍ത്തേണ്‍ മരിയാന ദ്വീപുകളിലെ സൈപനിലെ കോടതി അദ്ദേഹത്തെ സ്വതന്ത്രനാക്കിയത്.

2006 ലാണ് അസാഞ്ജെ വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. അതിന് മുൻപ് തന്നെ അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരെ തൻ്റെ തുറന്ന പോരാട്ടം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇറാഖിൽ അമേരിക്കൻ സൈന്യം 2 മാധ്യമപ്രവർത്തകരടക്കം 11 പേരെ വെടിവച്ച് കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യം 2010 ഏപ്രിലിൽ പുറത്തുവിട്ടാണ് അദ്ദേഹം ലോകത്തിൻ്റെ ശ്രദ്ധ നേടിയത്. ഈ വിവരങ്ങൾ അസാഞ്ജെയ്ക്ക് ചോർത്തി നൽകിയതിന് യു.എസ് ആർമി ഇൻ്റലിജൻസ് അനലിസ്റ്റ് ചെൽസിയ മാനിങ്ങിൻ്റെ പേരിൽ കടുത്ത വകുപ്പുകൾ ചുമത്തപ്പെട്ടു. 2013ൽ കോടതി ഇവർക്ക് 35 വർഷത്തെ കഠിനതടവിന് വിധിച്ചു

അമേരിക്കയെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന വാർത്തകൾ വിക്കിലീക്സിലൂടെ പുറത്തുവന്നു. വിദേശരാജ്യങ്ങളിലെ വിവരങ്ങൾ നയതന്ത്ര കാര്യാലയങ്ങൾ വഴി അമേരിക്ക ചോർത്തുന്നുവെന്ന് തെളിവടക്കം വിക്കിലീക്സ് പുറത്തുവിട്ടത് അതിൽ പ്രധാനപ്പെട്ടതായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യ രാഷ്ട്രങ്ങൾ അഫ്‌ഗാനിസ്ഥാനിലും ഇറാഖിനും നടത്തുന്ന അതിക്രമങ്ങൾ പിന്നാലെ പുറത്തെത്തി. ഗ്വാണ്ടനാമോയിലെ ഡിറ്റൻഷൻ സെൻ്ററുകളിൽ അമേരിക്ക നടത്തിയിരുന്ന ക്രൂരമായ കുറ്റവിചാരണകളുടെ തെളിവുകളും വിക്കിലീക്സ് പ്രസിദ്ധീകരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കമ്പ്യൂട്ടറുകൾ അമേരിക്ക ചോർത്തുന്നുണ്ടെന്നും വിക്കിലീക്സിലൂടെ ലോകം അറിഞ്ഞു. സുഹൃദ് രാഷ്ട്രങ്ങളിലെ പോലും വിവരങ്ങൾ അമേരിക്ക ചോർത്തുന്നതായി പിന്നാലെ വിവരം പുറത്തുവന്നു. ഇത് അമേരിക്കയുടെ നയതന്ത്ര സൗഹൃദങ്ങളെ കാര്യമായി ബാധിച്ചു. 2016ൽ ഹിലരി ക്ലിൻ്റണിൻഅറെ 30,000 ഇമെയിലുകളും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ 60,000 ഡോക്യുമെൻ്റുകളും വിക്കിലീക്സ് പൊതുജനത്തിന് ലഭ്യമാക്കി. ഇതേവർഷം തന്നെ ഡൊണാൾഡ് ട്രംപ് സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളടങ്ങുന്ന വീഡിയോയും പുറത്തുവിട്ടു. റഷ്യൻ സംഘമാണ് വിക്കിലീക്സിന് ഈ വിവരങ്ങൾ ഹാക്ക് ചെയ്തു നൽകിയതെന്ന് പിന്നീട് യു.എസ് അന്വേഷണ ഏജൻസികൾ അറിയിച്ചു.

രഹസ്യ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് പിന്മാറണമെന്ന് പലവട്ടം അമേരിക്കൻ പ്രതിരോധ മന്ത്രാലയം അസാഞ്ജിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കടുത്ത പ്രതിരോധത്തിലായ അമേരിക്ക ജൂലിയൻ അസാഞ്ജിൻ്റെയും വിക്കിലീക്‌സിൻ്റെ നാവടക്കാൻ സാധ്യമായ വഴികൾ തേടി. അതിൻ്റെ ഭാഗമായാണ് അസാഞ്ജിനെതിരെ ചാരക്കുറ്റം ചുമത്തിയത്. അസാഞ്ജെ ഓസ്ട്രേലിയൻ പൗരനായതും ഒളിയിടം കണ്ടെത്താനാകാത്തതും അദ്ദേഹത്തിൻ്റെ അറസ്റ്റ് നീളാൻ കാരണമായി. അതിനിടെയാണ് അസാഞ്ജെ മാധ്യമസ്വാതന്ത്ര്യത്തിന് ശക്തമായ നിയമ പരിരക്ഷയുള്ള സ്വീഡനിലേക്ക് മാറിയത്. ഇവിടം കേന്ദ്രീകരിച്ച് വിക്കിലീക്സ് പ്രവർത്തനം ശക്തമാക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ശ്രമം. എന്നാൽ തൻ്റെ തന്നെ സ്ഥാപനത്തിലെ 2 സ്ത്രീകൾ അസാഞ്ജിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തി. ആരോപണത്തിന് പിന്നിൽ അമേരിക്കയാണെന്ന് ആരോപിച്ച അസാഞ്ജെ ഇരു സ്ത്രീകളുമായും ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പീഡനമല്ലെന്നും വാദിച്ചു. സ്വീഡനിലെ സർക്കാരിനെയും അമേരിക്കയ്ക്ക് വേണ്ടി പണിയെടുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിന്നീടാണ് സ്വീഡനിലെ സർക്കാർ അസാഞ്ജിനെതിരെ കേസെടുത്തത്. എന്നാൽ അറസ്റ്റിലേക്ക് എത്തും മുൻപ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കടന്നു. ഇവിടെ ഒളിവിൽ കഴിഞ്ഞ അസാഞ്ജെ വിക്കിലീക്സിലൂടെ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരുന്നു. വിദേശ രാജ്യങ്ങളുമായും ലോക നേതാക്കളുമായും ബന്ധപ്പെട്ട അമേരിക്കയുടെ അതീവ രഹസ്യ വിവരങ്ങൾ ഒന്നിന് പുറകെ ഒന്നായി പുറത്തുവന്നു. വിക്കിലീക്സിൻ്റെ പ്രധാന വെബ്സൈറ്റ് പിന്നാലെ തകർക്കപ്പെട്ടു. ഹാക്കർമാരുടെ നിരന്തര ആക്രമണവും വിക്കിലീക്സിനെതിരെ നടന്നിരുന്നു. വിക്കിലീക്സിന് പണം നൽകുന്നവരെ കണ്ടെത്തി പിന്തിരിപ്പിക്കുന്നതിലും അമേരിക്ക വിജയിച്ചു. പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ അസാഞ്ജെ, താൻ കൊല്ലപ്പെട്ടാലും രഹസ്യവിവരങ്ങൾ പുറത്തുവരുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ താൻ നടത്തിയതായും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

എന്നാൽ അപ്പോഴേക്കും പല രാജ്യങ്ങളിലായുള്ള വിക്കിലീക്‌സിൻ്റെ പ്രവർത്തനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുന്നോട്ട് പോകാതെയായി. തൊട്ടുപിന്നാലെ സ്വീഡനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ അസാഞ്ജിനെതിരെ ഇൻ്റർപോൾ വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ലോകത്ത് ഒരിടത്തും അസാഞ്ജിന് രക്ഷയില്ലാത്ത സ്ഥിതിയായി. ബ്രിട്ടീഷ് പൊലീസിന് മുൻപിൽ കീഴടങ്ങിയ അദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങി. തന്നെ സ്വീഡനിലെ പൊലീസിന് കൈമാറുന്നതിനെതിരെ കേസ് നടത്തിയെങ്കിലും ഫലം കണ്ടില്ല. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അസാഞ്ജെ അഭയം തേടി.

ദീർഘകാലം അസാഞ്ജെ ഈ എംബസിയിലാണ് കഴിഞ്ഞത്. എംബസിക്ക് അകത്ത് കടന്ന് അസാഞ്ജിനെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് പൊലീസ് ശ്രമിച്ചെങ്കിലും ഇക്വഡോർ സമ്മതിച്ചില്ല. തങ്ങളുടെ പരമാധികാരം ഉപയോഗിച്ച് ഇക്വഡോർ അതിനെ എതിർത്തു. ഐക്യരാഷ്ട്ര സഭ ഇക്വഡോറിനെ പിന്തുണച്ചതോടെ ബ്രിട്ടന് പിന്മാറേണ്ടി വന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം എംബസി വിടുമെന്ന് പലപ്പോഴും അഭ്യൂഹം പരന്നെങ്കിലും അതൊന്നും ഉണ്ടായില്ല. ഏഴ് വർഷത്തോളം എംബസിയിൽ കഴിഞ്ഞ അദ്ദേഹത്തിന് 2017 ൽ ഇക്വഡോർ പൗരത്വം നൽകി. എന്നാൽ തങ്ങൾക്ക് നൽകിയ ഉറപ്പുകൾ നിരന്തരം ലംഘിച്ചുവെന്ന് ആരോപിച്ച് അസാഞ്ജിന് നൽകിയ രാഷ്ട്രീയ അഭയം ഇക്വഡോർ പിൻവലിച്ചു. ഇതോടെ അസാഞ്ജിന് എങ്ങോട്ടും പോകാനാവില്ലെന്ന നിലയായി. 2019 ലാണ് ലണ്ടനിലെ ഇക്വഡോർ എംബസ്സിക്ക് പുറത്ത് വച്ച് ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അപ്പോഴേക്കും സ്വീഡനിലെ ബലാത്സംഗ കുറ്റത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന വിധി വന്നിരുന്നു. എന്നാൽ ബ്രിട്ടീഷ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ബ്രിട്ടനിൽ 50 മാസം അദ്ദേഹം തടവുശിക്ഷക്ക് വിധിക്കപ്പെട്ടു.

സ്വീഡനിൽ നിന്ന് ബ്രിട്ടനിലെത്തിയ അസാഞ്ജെ ആദ്യം ഇവിടെ ഒരു സുഹൃത്തിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ചാണ് അദ്ദേഹം സ്റ്റെല്ല മോറിസിനെ പരിചയപ്പെടുന്നത്. സാറ ഗോൺസാൽവസ് ഡെവാൻഡ് എന്നായിരുന്നു ഇവരുടെ ആദ്യത്തെ പേര്. അറിയപ്പെടുന്ന അഭിഭാഷകയായും അന്താരാഷ്ട്ര നിയമങ്ങളിൽ അഗ്രഗണ്യയുമായിരുന്നു അവർ. അസാഞ്ജിനെ നിയമ പോരാട്ടങ്ങൾക്ക് കോടതി മുറികളിൽ പ്രതിനിധീകരിച്ചതും അവരായിരുന്നു. ഇരുവരും തമ്മിൽ ഉടലെടുത്ത സൗഹൃദം ഇതിനിടെ പ്രണയമായി മാറി. 2017 ൽ ഇരുവരും തമ്മിൽ വിവാഹ നിശ്ചയം നടന്നു. പിന്നാലെ ഇവർക്ക് 2 കുട്ടികളും ജനിച്ചു. എന്നാൽ പ്രണയബന്ധം മുതലുള്ള കാര്യങ്ങൾ സുരക്ഷ ഭയന്ന് ഇരുവരും രഹസ്യമാക്കി വെക്കുകയായിരുന്നു. 2020 ലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. 2022 ൽ അസാഞ്ജെ തടവിൽ കഴിഞ്ഞ ബെൽമാർഷ് ജയിലിൽ വച്ച് ഇരുവരും തമ്മിലുള്ള വിവാഹവും നടന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ സ്റ്റെല്ലയോട് ജയിൽ വിടാൻ അധികൃതർ ആവശ്യപ്പെട്ടു. ജയിലിന് പുറത്ത് വിവാഹം തങ്ങളെ അനുകൂലിക്കുന്നവർക്കൊപ്പം സ്റ്റെല്ലയും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷമാക്കി. അപ്പോഴും അസാഞ്ജെ തടവറയിലായിരുന്നു. ഒടുവിൽ സ്വാതന്ത്ര്യത്തിലേക്ക് മടങ്ങിയെത്തിയ അസാഞ്ജെ എന്തുചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അപ്പോഴും അനീതിക്കെതിരായ തൻ്റെ പോരാട്ടം ആ മനുഷ്യൻ അവസാനിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുണ്ട്, ഭാഷ-വർണ-വർഗ-ദേശ ഭേദമന്യേ മനുഷ്യർ.