Kerala

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം ഗഢാലോചന; പ്രിസൺ ആക്ടിൽ ഭേദഗതി വരുത്തി’; വിഡി സതീശൻ

Spread the love

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നൽകാനുള്ള നീക്കം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2022 മുതൽ നീക്കം നടക്കുന്നുവെന്ന് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഏഴാം പ്രതിക്കും ശിക്ഷായിളവ് നൽകാൻ നീക്കം നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2022ൽ പ്രിസൺ ആക്ടിൽ ഭേദഗത് വരുത്തിയെന്ന് വിഡി സതീശൻ പറഞ്ഞു

പ്രിസൺ ആക്ടിലെ 78(2) വകുപ്പ് സർക്കാർ ഒഴിവാക്കിയെന്ന് വിഡി സതീശൻ പറഞ്ഞു. നിയമസഭ പാസാക്കിയ നിയമമാണ് സർക്കാർ ഉത്തരവിലൂടെ റദ്ദാക്കിയതെന്നും ഇത് സഭ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം ഉത്തരവിലൂടെ റദ്ദാക്കാൻ സർക്കാരിന് എന്ത് അധികാരമെന്ന് വിഡി സതീശൻ ചോദിച്ചു. പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ സർക്കാർ നേരത്തെ നീക്കം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേസിലെ ഏഴാം പ്രതി ട്രൗസർ മനോജിന് ശിക്ഷായിളവ് നൽകാൻ നീക്കം നടത്തി. ഇന്നലെ വൈകുന്നേരം ഇതിനായി കെകെ രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്ന് വിഡി സതീശൻ വെളിപ്പെടുത്തി. ടിപി കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നൽകില്ലെന്ന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിക്കായി മറുപടി നൽകിയത് മന്ത്രി എംബി രാജേഷാണ്. ഹൈക്കോടതി ഇളവ് നൽകരുതെന്ന് പറഞ്ഞവർക്ക് ഇളവില്ലെന്നും നിയമവിരുദ്ധമായി ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. നിലവിലെ മാനദണ്ഡപ്രകാരം പ്രതികൾക്ക് ശിക്ഷായിളവിന് അർഹതയില്ല. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.