National

സനാതനധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് ജാമ്യം; ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം

Spread the love

വിവാദമായ സനാതന ധര്‍മ പരാമര്‍ശത്തില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് ഓഗസ്റ്റ് 8ന് കോടതി വീണ്ടും പരിഗണിക്കും.

വിവാദ പരാമര്‍ശത്തില്‍ ബംഗളൂരു സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലായിരുന്നു ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്. കോടതിയുടെ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉദയനിധി നേരിട്ട് ഹാജരായത്. കേസില്‍ ജാമ്യം അനുവദിച്ച പ്രത്യേക കോടതി ഒരു ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.

മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ വെച്ചായിരുന്നു ഉദയനിധി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.