World

1901 ദിവസത്തെ തടവിന് അവസാനം, വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി

Spread the love

2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്സ് പുറത്തുവിട്ടത്. 2019 മുതൽ ലണ്ടൻ ജയിലിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. 2012 മുതല്‍ ഇക്വഡോറിന്‍റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്നു ജൂലിയൻ അസാൻജ്. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടെന്ന കേസിൽ അമേരിക്ക അസാഞ്ചെയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്‍റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്.

ബെൽമാർഷ്, ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. ബ്രിട്ടൻ വിട്ട ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിനാണ് അസാൻജിനെ ജയിലിലടച്ചത്. ബ്രിട്ടനിലെ ബെൽമാർഷ് അതിസുരക്ഷാ ജയിലിൽ നിന്നാണ് ജൂലിയൻ അസാൻജ് മോചിതനായത്. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്. 52കാരനായ അസാൻജ് യുഎസ് ദേശീയ പ്രതിരോധ രേഖകൾ വെളിപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കുറ്റം സമ്മതിക്കാൻ സമ്മതിച്ചതോടെയാണ് ജയിൽ മോചനം സാധ്യമാകുന്നത്. 24 ജൂണിന് ജൂലിയൻ ജയിൽ മോചിതനായതായാണ് വിക്കിലീക്സ് ട്വീറ്റിൽ വിശദമാക്കുന്നത്.

എന്നാല്‍ വിക്കിലീക്ക്സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്. ഓസ്ട്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയൻ പോൾ അസാൻജ് 2006-ലാണ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് അസാന്‍ജും വിക്കീലീക്സും ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു.

2010-ല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന്‍റെ വിശദാംശങ്ങളും അമേരിക്കയിലേക്ക് എംബസി ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്ത അവലോകന റിപ്പോര്‍ട്ടുകളും ചോര്‍ത്തിയതോടെയാണ് വിക്കീലീക്സ് ലോകത്തെ ശരിക്കും ഞെട്ടിച്ചത്. ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് വിക്കിലീക്ക്സ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വിക്കിലീക്സ് ചോര്‍ച്ച വഴിയൊരുക്കിയത്.

സുഹൃത്ത് രാഷ്ട്രങ്ങളിലടക്കം അമേരിക്ക ചാരപ്പണി നടത്തിയിരുന്നുവെന്ന് വിക്കീലീക്സ് പുറത്തു വിട്ട രേഖകള്‍ തെളിയിച്ചിരുന്നു. സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരം താണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതടമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.