Monday, January 20, 2025
Kerala

4 വയസുകാരി അങ്കണവാടി കെട്ടിടത്തിന്റെ 2ാം നിലയിൽ നിന്ന് താഴേക്ക് വീണു; ​ഗുരുതരപരിക്ക്, സംഭവം ഇടുക്കിയില്‍

Spread the love

ഇടുക്കി: ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് നാലുവയസുകാരിക്ക് ​ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൻ്റോ- അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്.

അങ്കണവാടി പ്രവര്‍ത്തിക്കുന്നത് കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ്. 2018ലെ പ്രളയത്തില്‍ കെട്ടിടത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അങ്കണവാടി മുകളിലേക്ക് മാറ്റുന്നത്. താഴത്തെ നിലയിലാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. മുകളിലത്തെ നിലയില്‍ ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി താഴേക്ക് തെന്നി വീണത്. കുട്ടി വീഴുന്നത് കണ്ട് അധ്യാപികയും എടുത്തുചാടി. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കുഞ്ഞിന്‍റെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നാണ് അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വെളിപ്പെടുത്തിയത്. വളരെ അപകടകരമായ രീതിയിലാണ് കെട്ടിടത്തിന്‍റെ കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നത്. അതീവ ശ്രദ്ധ വേണ്ട സ്ഥലത്ത് ഗുരുതര പാളിച്ച സംഭവിച്ചതായി കാണാം. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും പ്രദേശവാസികളും വന്‍ പ്രതിഷേധത്തിലാണ്.