National

അരവിന്ദ് കെജ്രിവാളിന് ഇന്നും ആശ്വാസമില്ല; ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി

Spread the love

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസമില്ല. മദ്യനയക്കേസില്‍ വിചാരണക്കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി താല്‍കാലികമായി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. നാളെ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. മുന്‍ വിധിയോടെ കാര്യങ്ങളെ കാണാനാകില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഡല്‍ഹി ഹൈക്കോടതി ഉടന്‍ ഉത്തരവ് പറയുമെന്ന് എ എസ് ജി സുപ്രിംകോടതിയെ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് കെജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രിംകോടതി വിസമ്മതം അറിയിക്കുകയാണ് ഉണ്ടായത്.

ഡല്‍ഹി റൗസ് അവന്യു കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നത്. തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയുമായിരുന്നു. ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് താത്ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ റൗസ് അവന്യു കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.