Kerala

പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞുപരിഹരിച്ച് മുന്നോട്ടുപോകും’; വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്തകള്‍ തള്ളാതെ രമേശ് ചെന്നിത്തല

Spread the love

വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന വാര്‍ത്തകള്‍ തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകുമെന്നായിരുന്നു വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. കുടുംബത്തില്‍ പ്രശ്‌നങ്ങളില്ല. യുഡിഎഫില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രമേശ് ചെന്നിത്തലയുടെ പരിഭവം പരിഹരിക്കാന്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചെന്നിത്തലയുടെ വീട്ടിലേക്ക് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെ 8 മണിയോടെയാണ് വി ഡി സതീശന്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്നതാണ് ചെന്നിത്തലയ്ക്ക് നീരസമുണ്ടാക്കിയത്. അന്ന് പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ചെന്നിത്തലയ്ക്ക് നിഷേധിക്കപ്പെട്ടത്. വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുക കൂടി ചെയ്തതോടെ നീരസം പരസ്യമാക്കപ്പെടുകയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് നടത്തിയ കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല തൃപ്തനാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.