National

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന പിച്ചിച്ചീന്തപ്പെട്ടു, ജനാധിപത്യം തകർന്നു, ഇനിയതുണ്ടാകില്ല’; പാർലമെന്റിലേക്ക് എംപിമാരെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

Spread the love

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാ​ഗതം ചെയ്തു. സമ്മേളനത്തിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അം​ഗങ്ങളെ അഭിസംബോധന ചെയ്ത വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അടിയന്തരാവസ്ഥയെക്കുറിച്ച് എടുത്ത് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്. നാളെ അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനമാണെന്ന് മോദി ഓർമിപ്പിച്ചു. ഇന്ത്യൻ ഭരണഘടന അപ്പാടെ നിരാകരിക്കപ്പെട്ട, ഭരണഘടനയുടെ ഓരോ ഭാ​ഗങ്ങളും പിച്ചിച്ചീന്തപ്പെട്ട, ജനാധിപത്യം പൂർണമായി അടിച്ചമർത്തപ്പെട്ട ആ കാലത്തെ പുതിയ തലമുറ മറക്കില്ല. ജൂൺ 25 ജനാധിപത്യത്തിന്റെ കളങ്കമായിരുന്നു. അതിനി ആവർത്തിക്കപ്പെടില്ലെന്നും മോദി തന്റെ പ്രസം​ഗത്തിൽ പറഞ്ഞു. മൂന്നാം ഘട്ടത്തിൽ താൻ രാജ്യത്തിനായി കൂടുതൽ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ മഹത്തായ രീതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ നടന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. മൂന്നാം വട്ടവും ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്തു. തങ്ങളെ സേവിക്കാൻ ജനങ്ങൾ ഞങ്ങളെ ഒരിക്കൽക്കൂടി ഏൽപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.