നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പൊലീസ്
ദില്ലി:നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാർ പൊലീസ്. 68 ചോദ്യ പേപ്പർ കത്തിച്ച നിലയിൽ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. അതേസമയം, നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയിൽ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദില്ലി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങൾ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകും.
ഝാർഖണ്ഡിലെ ഹസാരിബാഗിലെ പരീക്ഷ കേന്ദ്രമായ സ്കൂളിൽ നിന്നാണ് ബിഹാറിലേക്ക് ചോദ്യപേപ്പർ ചോർന്നതെന്ന വിവരമാണ് നിലവിൽ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പങ്കാളിയായ ഒരു അധ്യാപകൻ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. ക്രമക്കേടിൽ ഇന്ന് എന്‍എസ്‍യു ദില്ലിയിൽ പാർലമെന്‍റ് വളഞ്ഞ് പ്രതിഷേധിക്കും. പരീക്ഷ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയിൽ ചേർന്നേക്കും.
പുതിയതായി എൻടിഎ ഡിജിയുടെ ചുമതല കേന്ദ്രം നൽകിയ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ്ങ് കരോൾ ഇന്ന് ചുമതല ഏറ്റെടുക്കും. പരീക്ഷയിൽ ക്രമക്കേട് നടന്നതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം എൻടിഎയ്ക്കാണെന്നാണ് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങൾ വിശദീകരിക്കുന്നത്. സമയക്കുറവിന് ഗ്രേസ് മാർക്ക് നൽകിയ നടപടി തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസംസ്ഥാനസർക്കാരുകളോട് എബിവിപി അഭ്യർത്ഥിച്ചു.ഇതിനിടെ, നീറ്റിൽ പുനപരീക്ഷ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും രാജ്യത്ത് വിവിധയിടങ്ങളിൽ തുടരുകയാണ്.