‘കീഴ്‌വഴക്കം അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അവകാശപ്പെട്ടത്’; കൊടിക്കുന്നിൽ സുരേഷ്
പ്രോടെം സ്പീക്കറെ സഹായിക്കുന്ന പാനലിൽ ഇരിക്കേണ്ടന്നാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമവായം ഉണ്ടായില്ലെങ്കിൽ ഇന്ത്യാ സഖ്യം സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു. കീഴ്‌വഴക്കം അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകാൻ തായാറായില്ലെങ്കിൽ ഇന്ത്യാ സഖ്യം ആലോചിച്ച് തീരുമാനമെടുക്കുമെന്നും സർക്കാരിന്റെ സമീപനം എന്താണെന്ന് അറിയേണ്ടതാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പ്രോടെം സ്പീക്കറെ സഹായിക്കുന്ന പാനലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മുതിര്‍ന്ന തന്നെ ഒഴിവാക്കിയാണ് ഭര്‍തൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കറാക്കിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രണ്ട് തവണ ഇടവേളയുണ്ടായെന്നാണ് ന്യായീകരണം. ഭര്‍തൃഹരി മെഹ്താബ് ആറ് തവണ ജയിച്ചത് ബിജെഡിയില്‍ നിന്നെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചക്ക് തയാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട.