National

മരുമകൻ ആകാശിനെ പാർട്ടി തലപ്പത്ത് വീണ്ടുമെത്തിച്ച് മായാവതി, പിൻഗാമിയെന്ന് വ്യക്തമാക്കി

Spread the love

ലഖ്‌നൗ: പാർട്ടിയുടെ സമുന്നത പദവിയിൽ നിന്ന് നീക്കി ഒരു മാസത്തിനുള്ളിൽ മരുമകൻ ആകാശ് ആനന്ദിനെ തൻ്റെ ഏക പിൻഗാമിയെന്ന് പ്രഖ്യാപിച്ച് മായാവതി. ബിഎസ്‌പിയുടെ ഉയർന്ന പദവിയിൽ ആകാശിനെ പാർട്ടിയുടെ പരമോന്നത നേതാവായ മായാവതി നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടി അവലോകനം ചെയ്ത ലഖ്‌നൗവിലെ യോഗത്തിലാണ് മായാവതിയുടെ പ്രഖ്യാപനം.

2019 ലാണ് ആന്ദിനെ പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ പദവിയിൽ മായാവതി നിയമിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ പിൻഗാമിയായി ആനന്ദിനെ അവർ പ്രഖ്യാപിച്ചു. എന്നാൽ ഇക്കഴിഞ്ഞ മെയ് ഏഴിന് ഈ തീരമാനം അവർ തിരുത്തി. ബിജെപി സർക്കാരിനെ തീവ്രവാദികളുടെ സർക്കാർ എന്ന് ആനന്ദ് വിമർശിച്ചതും പിന്നാലെ പൊലീസ് കേസെടുത്തതുമായിരുന്നു പ്രശ്നം. ആദ്യം ആനന്ദ് പക്വത കൈവരിക്കട്ടെയെന്നും പിന്നീടാവാം നേതാവാകുന്നത് എന്നുമായിരുന്നു മായാവതിയുടെ പ്രതികരണം.

ആകാശ് ആനന്ദിന് മുൻപ് നൽകിയതിലുമധികം ബഹുമാനം ഇനി നൽകണമെന്നാണ് മായാവതി ഇന്നലെ യോഗത്തിൽ ആവശ്യപ്പെട്ടത്. ബിഎസ്പി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. പാർട്ടിയുടെയും ജനങ്ങളുടെയും താത്പര്യത്തിനൊത്ത് എല്ലാ തലത്തിലും പക്വതയുള്ള നേതാവായി വളരാൻ ആനന്ദിന് സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഭരണഘടന അപകടത്തിലാണെന്ന പ്രതിപക്ഷ പാർട്ടികളുടെ തെറ്റായ പ്രചാരണമാണ് തെരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് തിരിച്ചടിയായത്. ഡോ.ബി.ആർ അംബേദ്‌കറെ ഭരണഘടനാ സമിതിയിൽ ഉൾപ്പെടുത്താതിരിക്കാൻ കോൺഗ്രസ് പ്രയോഗിച്ച തന്ത്രങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും അവർ പാർട്ടി നേതാക്കളോട് നിർദ്ദേശിച്ചു. ബിജെപിയുടെ നിലവിലെ നില ഭദ്രമല്ലെന്നും രാജ്യമാകെ വേരുറപ്പിക്കാൻ പ്രവർത്തകർ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ മായാവതിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ആകാശ് ആനന്ദ് പിന്‍മാറി. ഇതോടെ പാർട്ടിയുടെ ഏക മുഖമായി മായാവതി മാറി. തെരഞ്ഞെടുപ്പിൽ പാർട്ടി വൻ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ആകാശ് കരുത്തനായത്. പാർട്ടിയുടെ സംസ്ഥാനത്തെ സ്ഥിരം വോട്ട് ബാങ്കായിരുന്ന ദളിത് യാദവ് വിഭാഗങ്ങളും മുസ്‌ലിങ്ങളും ആകാശ് നേതൃത്വത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ സഖ്യത്തെ പിന്തുണക്കില്ലായിരുന്നു എന്നാണ് പല നേതാക്കളം ചൂണ്ടിക്കാട്ടിയത്.

യുപിയിലെ നഗിന മണ്ഡലത്തിൽ ചന്ദ്രശേഖർ ആസാദിൻ്റെ ജയമാണ് മായാവതിയുടെ മനംമാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 2019 ൽ എസ്‌പിയുടെയും ആർഎൽഡിയുടെയും പിന്തുണയിൽ ബിഎസ്‌പി ജയിച്ച സീറ്റാണിത്. ഇത്തവണ യുപിയിൽ എല്ലാ സീറ്റിലും ബിഎസ്‌പി പരാജയപ്പെട്ടു. വോട്ട് വിഹിതം 19.3 ശതമാനത്തിൽനിന്ന് 9.3 ശതമാനമായി. ദളിത് – മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയുള്ള നേതാവായി ചന്ദ്രശേഖർ ആസാദിൻ്റെ വളർച്ചയും ബിഎസ്‌പിക്ക് തിരിച്ചടിയാണ്.