National

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം

Spread the love

ദില്ലി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്. നിലവിൽ ബീഹാർ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി തെരച്ചിൽ ബിഹാര്‍ പൊലീസ് തുടരുന്നതിനിടെയാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

ബിഹാര്‍ പൊലീസ് തിരയുന്ന സഞ്ജീവ് മൂഖിയയുടെ മകൻ നിലവിൽ ബീഹാർ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിൻ്റ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ബീഹാർ പൊലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് ഈക്കാര്യം വ്യക്തമായത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ നാളെ നടക്കും. വിദ്യാർത്ഥികൾക്ക് പുതിയ സെൻ്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെൻ്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തി. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡീഗഡിലെ സെൻ്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെൻ്ററുകൾ.