Gulf

അതികഠിനമായ ചൂട്: ഹജ്ജ് ദിനങ്ങളിൽ മക്കയിൽ മരിച്ചത് 577 തീർഥാടകർ

Spread the love

റിയാദ്: ഹജ്ജിന്റെ ദിനങ്ങളിൽ മക്കയിൽ 577 തീർഥാടകർ മരിച്ചു. അറഫ, ബലിപെരുന്നാള്‍ ദിനങ്ങളിലാണ് ഈ മരണങ്ങളെന്ന് സൗദി അധികൃതർ വെളിപ്പെടുത്തി. ദുഷ്‌കരമായ കാലാവസ്ഥയും അതികഠിനമായ ചൂടുമാണ് ഹജ്ജിനിടെ തീര്‍ഥാടകരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയത്.

ദുല്‍ഹജ് 9, 10 ദിവസങ്ങളില്‍ മാത്രം അതികഠിനമായ ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ 577 പേര്‍ മരണപ്പെട്ടു. ബുധനാഴ്ച അവസാനിച്ച ഹജ്ജ് സീസണില്‍ മുഴുവന്‍ മരണപ്പെട്ടവരുടെ കണക്ക് ഇതില്‍ പെടില്ലെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഹജ്ജിനിടെ നിരവധി തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഏതാനും രാജ്യങ്ങള്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ സൗദി അധികൃതര്‍ വിശദീകരണം നല്‍കിയത്.

താപനില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവിധ വകുപ്പുകള്‍ ശക്തമായ ബോധവല്‍ക്കരണമാണ് നടത്തിയിരുന്നത്. വെയിലേല്‍ക്കാതിരിക്കാന്‍ ഏതു സമയവും കുട ചൂടി നടക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കണമെന്നും ഹജ്ജ് കര്‍മങ്ങള്‍ക്കിടെ വിശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

സൂര്യാഘാതമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വലിയ സജ്ജീകരണങ്ങളും ആരോഗ്യ മന്ത്രാലയം നടത്തിയിരുന്നു. ചൂട് ഗണ്യമായി ഉയര്‍ന്ന ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് കല്ലേറ് കര്‍മ്മത്തിന് തീര്‍ഥാടകരെ കൂട്ടത്തോടെ ആനയിക്കരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോടും ഏജന്‍സികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.